തിരുവല്ല സ്പിരിറ്റ് തട്ടിപ്പ് കേസ്; മധ്യപ്രദേശിലെത്തി തെളിവെടുപ്പ് നടത്തും
പ്രതികളായ നന്ദകുമാര്‍ , സിജോ തോമസ് എന്നിവരുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ അന്വേഷണ സംഘം കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പും നടത്തും
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍ സ്പിരിറ്റ് തട്ടിപ്പ് കേസില്‍ മധ്യപ്രദേശിലെത്തി തെളിവെടുപ്പ് നടത്താനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. പ്രതികളായ നന്ദകുമാര്‍ , സിജോ തോമസ് എന്നിവരുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയ അന്വേഷണ സംഘം കേസില്‍ ശാസ്ത്രീയമായ തെളിവെടുപ്പും നടത്തും. അതേസമയം കേസിലെ മുഖ്യ പ്രതികളായ ടി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവിധ കോടതികളിലായി ജാമ്യത്തിന് ശ്രമിക്കുന്നതായി പൊലീസിന് വിവിരം ലഭിച്ചു.
അറസ്റ്റിലായ പ്രതികളെ 10 ദിവസം കസ്റ്റഡിയില്‍ ലഭിച്ചതോടെ കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ലോക്കല്‍ പൊലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോഫിയിടുടെ നേതൃത്വത്തില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്പിരിറ്റ് മോഷ്ടിച്ചതായി ആദ്യം മൊഴി നല്‍കിയ ഡ്രൈവര്‍മാരായ നന്ദകുമാര്‍ , സിജോ തോമസ് എന്നിവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയപ്പോള്‍ അന്വേഷണ സംഘം പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരെ മധ്യപ്രദേശിലെത്തി തെളിവെടുക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
ശാസ്ത്രീയ തെളിവുകള്‍ കൂടി ലഭ്യമാവുന്നതോടെ കേസിലെ മുഖ്യപ്രതികളായ അലക്സ് പി. എബ്രഹാം , യു ഹാഷിം , മേഘ മുരളി എന്നിവരുടെ പങ്കും അന്വേഷണ സംഘത്തിന് കണ്ടെത്താനാവും. അതേസമയം മുഖ്യപ്രതികളായ ഇവര്‍ വിവിധ കോടതികളിലായി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് വിവിരം ലഭിച്ചിട്ടുണ്ട്. സ്പിരിറ്റ് വിതരണത്തില്‍ മുഖ്യ പങ്കുകാരനും ടി.എസ്.സി ജിവനക്കാരനുമായ അരുണ്‍ കുമാറിനെ പൊലീസ് പ്രത്യേകമായി ചോദ്യം ചെയ്യുന്നത് തുടരും. ഡ്രൈവര്‍മാരുടെ മൊഴി രേഖപ്പെടുത്തി ഇന്ന് തന്നെ മധ്യപ്രദേശിലേക്ക് പോകാനും മധ്യപ്രദേശ് പൊലീസിന്‍റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.