തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസ്; പ്രത്യേക സംഘം അന്വേഷിക്കും

മധ്യപ്രദേശ്, എറണാകുളം, തിരുവല്ല തുടങ്ങിയ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരുമെന്നും സുപ്രധാന അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് സൂചന.

Update: 2021-07-06 01:57 GMT
Advertising

തിരുവല്ല സ്പിരിറ്റ് വെട്ടിപ്പ് കേസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിയുടെ മേൽനോട്ടത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. മധ്യപ്രദേശ്, എറണാകുളം, തിരുവല്ല തുടങ്ങി മൂന്ന് കേന്ദ്രങ്ങളിലായി പൊലീസ് സംഘം അന്വേഷണം നടത്തും. 

ടി.എസ്.സി സ്പിരിറ്റ് കൊള്ള സംബന്ധിച്ച് അഞ്ചു ദിവസത്തിനിടെ ഗൗരവതരമായ വിഷയങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം ചുമതലയേൽക്കുന്നത്. ആർ നിശാന്തിനി നേതൃത്വം നൽകുന്ന ടീമിൽ, തിരുവല്ല ഡി.വൈ.എസ്.പി ആർ രാജപ്പൻ, സി.ഐമാരായ ബിജു വി നായർ , ഇ.ഡി ബിജു തുടങ്ങിയവരും വിവിധ ഉദ്യോഗസ്ഥരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വരുമെന്നും സുപ്രധാന അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് സൂചന.

പൊലീസിന് പുറമെ കെ.എസ്.ബി.സി, എക്സൈസ് വകുപ്പുകളിൽ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായി ലീഗൽ മെട്രോളജി വിഭാഗം വീണ്ടും പരിശോധന നടത്തും. എറണാകുളത്ത് നിന്നുമെത്തുന്ന പ്രത്യേക സംഘം കസ്റ്റഡിയിലെടുത്ത ടാങ്കർ ലോറിയും ടി.എസ്.സിയിലെ സംഭരണ ടാങ്കുമാവും പരിശോധിക്കുക .

അതേസമയം, നല്ല നിലയിൽ നടക്കുന്ന സ്ഥാപനത്തെ തകർക്കാൻ നീക്കം നടക്കുകയാണന്ന് സി.പി.എം ജില്ലാ കമ്മറ്റി വിലയിരുത്തി. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന അവശ്യം പാർട്ടി നേതൃത്വത്തെയും എക്സൈസ് മന്ത്രിയെയും ജില്ലാ കമ്മറ്റി അറിയിച്ചിട്ടുണ്ട്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News