നിയമന കത്ത് വിവാദം: ചോദ്യംചെയ്യൽ തുടരുന്നു; ആനാവൂരിന്റെ മൊഴിയെടുക്കും

കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തിരുന്നു

Update: 2022-11-26 02:05 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിലെ കൂടുതൽ ജീവനക്കാരെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്യും. ലെറ്റർപാഡ് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെയടക്കം മൊഴി രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

ആരോഗ്യ വിഭാഗത്തിലെ അഞ്ച ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. അതേസമയം, മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഐ.എൻ.ടി.യുസിയും കോർപറേഷനു മുന്നിൽ ഇന്ന് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജിയെ സർക്കാർ ഇന്നലെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഹരജി അപ്രസക്തമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എഫ്.ഐ.ആറിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി. കത്ത് വ്യാജമാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ കോടതിയിൽ പറഞ്ഞു. കോർപറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ നൽകിയ ഹരജി പരിഗണിക്കുന്നത് ഈ മാസം 30 ലേക്ക് മാറ്റി.

മേയർ രാജിവച്ച ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഇന്നലെ യു.ഡി.എഫ് ധർണ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു. ബി.ജെ.പി പ്രതിഷേധ മാർച്ചും ധർണയും നടത്തി. കോർപറേഷൻ ഗേറ്റ് ഉപരോധിച്ച യുവമോർച്ചക്കാരും ജീവനക്കാരും തമ്മിൽ കൈയാങ്കളി നടന്നു.

Summary: The crime branch team will question more employees of Thiruvananthapuram Corporation in the appointment scam letter controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News