ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല; സിഐക്ക് സ്ഥലംമാറ്റം
സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടൻ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്.
ഭക്ഷ്യമന്ത്രി ജി.ആർ അനിലുമായുള്ള തർക്കത്തെ തുടർന്ന് തിരുവനന്തപുരം വട്ടപ്പാറ സിഐക്ക് സ്ഥലമാറ്റം. സി.ഐ ഗിരിലാലിനെയാണ് വിജിലൻസിലേക്കാണ് സ്ഥലം മാറ്റിയത്. ഗിരിലാലിന്റെ സംഭാഷണം മന്ത്രിയോട് സംസാരിക്കേണ്ട രീതിയില്ലായിരുന്നു എന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റേയും ഡിവൈഎസ്പിയുടെയും കണ്ടെത്തലിനെ തുടർന്നാണ് നടപടി.
പരാതിയിൽ ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി ജി ആർ അനിൽ വിളിച്ചപ്പോഴായിരുന്നു തർക്കം ആരംഭിച്ചത്.
ന്യായം നോക്കി ഇടപെടാമെന്ന എസ് എച്ച്ഒയുടെ വാക്കുകൾ മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു.
മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി.ആർ അനിൽ ഗിരിലാലിനെ ഫോൺ വിളിച്ചത്. ന്യായം നോക്കി ഇടപെടാമെന്നായിരുന്നു സി.ഐയുടെ മറുപടി. തുടർന്ന് മന്ത്രിയോട് ഇയാൾ തട്ടിക്കയറുന്ന ഓഡിയോയും പുറത്തുവന്നിരുന്നു.
സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടൻ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടർന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരൻ പറഞ്ഞത്.
രണ്ടാം ഭർത്താവിനെതിരേ ആയിരുന്നു സ്ത്രീ മന്ത്രിയോട് പരാതി പറഞ്ഞത്. തുടർന്ന് മന്ത്രി സി.ഐയെ നേരിട്ട് വിളിക്കുകയായിരുന്നു.