മുല്ലപ്പെരിയാറില്‍ നിന്നും വൈഗ ഡാമിലേക്ക്; തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് ഇങ്ങനെ
മുല്ലപ്പെരിയാർ റിസർവോയറില്‍ നിന്ന് വരുന്ന വെള്ളം തേക്കടിയിലെ ഈ കനാലിലെ ഷട്ടർ തുറന്നാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിവിടുന്നത്
മുല്ലപ്പെരിയാർ ഡാമില്‍ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്നത് 2335 ഘനയടി വെള്ളമാണ്. തമിഴ്നാട്ടിലെ വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്ന വെള്ളം വിവധ തലത്തിലൂടെയാണ് കടന്നുപോകുന്നത്. എങ്ങനെയാണ് ഈ ജലം കൊണ്ടുപോകുന്നതെന്ന് നോക്കാം.
മുല്ലപ്പെരിയാർ റിസർവോയറില്‍ നിന്ന് വരുന്ന വെള്ളം തേക്കടിയിലെ ഈ കനാലിലെ ഷട്ടർ തുറന്നാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കിവിടുന്നത്. സെക്കന്‍ഡില്‍ പരമാവധി 2500 ഘനയടി വെള്ളം ഇതുവഴി കടത്തിവിടാം. ജലം ഭൂഗർഭ തുരങ്കത്തിലൂടെ നേരെ ചെല്ലുന്നത് തമിഴ്നാട്ടിലെ അപ്പർ ക്യാമ്പ് ഡാമിലേക്ക്...അപ്പർ ക്യാമ്പ് ഫോർബേ ഡാമിലെത്തുന്ന ജലം ഭൂഗർഭ തുരങ്കം വഴിതന്നെ പെന്‍സ്റ്റോക്ക് പൈപ്പിന് മുകളിലെത്തും.
കുമളിയില്‍ നിന്ന് കേരള-തമിഴ്നാട് അതിർത്തി കടന്ന് അല്‍പം മുന്‍പോട്ടുപോയാല്‍ ചുരത്തില്‍ നിന്നാണ് ഈ കാഴ്ച. നാല് ഭീമന്‍ പെന്‍സ്റ്റോക്ക് പൈപ്പുകള്‍. സെക്കന്‍ഡില്‍ ഇതുവഴി കൊണ്ടുപോകാവുന്ന പരമാവധി വെള്ളം 1800 ഘനയടിയാണ്. പെന്‍സ്റ്റോക്ക് വഴി വരുന്ന വെള്ളം ചെല്ലുന്നത് ലോവർ ക്യാമ്പ് പവർ ഹൗസിലേക്ക്.. അവിടെ വെച്ച് വൈദ്യുതി ഉത്പാദനം. പിന്നീട് വൈരവനാർ വഴി കടത്തിവിടുന്ന വെള്ളം തമിഴ്നാട്ടിലെ വൈഗ ഡാമില്‍ ചെന്നുചേരും.