'ഇതു യേശുവിന്റെ മതമല്ല': ബിഷപ്പ് കല്ലറങ്ങാട്ടിന്റെ മതമെന്താണ്? പ്രൊഫ വത്സൻ തമ്പു പറയുന്നു...
'ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് മറ്റുള്ളവരെ മേൽ കെട്ടിവെക്കുന്നത്. കത്തോലിക്ക സഭ തങ്ങളുടെ യുവതി-യുവാക്കന്മാരെയും കുട്ടികളെയും ആത്മീയത പരിശീലിപ്പിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇതാണ് ആദ്യം നോക്കേണ്ടത്'
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ ക്രിസ്ത്യാനിയായി കാണാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനും ഡൽഹി സെയിന്റ് സ്റ്റീഫൻ കോളജിലെ മുൻ പ്രിൻസിപ്പലുമായ വത്സൻ തമ്പു. അദ്ദേഹത്തിന്റേത് യേശുവിന്റെ മതമല്ല, യേശു പറഞ്ഞപോലെ എനിക്ക് ശേഷം കള്ളപ്രവാചകന്മാർ വരും. അവർ ആടിന്റെ വേഷമണിഞ്ഞ് വന്നാലും ഉള്ളിൽ കടിച്ചുകീറുന്ന ചെന്നായ്ക്കളാകും. ഇങ്ങനെയൊരു സ്വഭാവം അദ്ദേഹത്തില്‍ കാണുന്നതുകൊണ്ടാണ് കല്ലറങ്ങാട്ട് ബിഷപ്പിന്റെ മതം ഏതെന്ന് അന്വേഷിക്കുന്നതെന്നും വത്സൻ തമ്പു പറഞ്ഞു.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സി.എൻ.ഐ സഭയിൽ മൂന്നു പതിറ്റാണ്ടോളം വൈദികനായി സേവനമനുഷ്ഠിച്ച് പാരമ്പര്യമുള്ള വത്സൻ തമ്പുവിന്റെ പ്രതികരണം. ക്രിസ്തീയ സഭക്കും സമൂഹത്തിനും നാണക്കേടാണ് ബിഷപ്പിന്റെ ഈ പുലഭ്യംപറച്ചില്‍. വലിയ അപകടമാണിത്. വൈദികർ പറയുന്നത് എല്ലാം കേട്ടുനിൽക്കുന്ന പതിനാറാം നൂറ്റാണ്ടിലെ അവസ്ഥയല്ല ഇപ്പോഴുള്ളതെന്ന് കല്ലറങ്ങാട്ട് ബിഷപ്പ് മനസ്സിലാക്കണമെന്നും വത്സൻ തമ്പു പറഞ്ഞു.
കത്തോലിക്കക്കാർക്കിടയിൽ വേദപുസ്തകപരമായ പരിജ്ഞാനമുണ്ട്. വ്യക്തികൾ വേദപുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുന്നണ്ട്. അതുകൊണ്ട് തന്നെ വിവാദ പരാമര്‍ശത്തിനെതിരെ കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്ന് തന്നെ ശക്തമായ പ്രതികരണമുണ്ടായെന്നും 25 വർഷം മുമ്പാണെങ്കിൽ ഇങ്ങനെയൊന്ന് സംഭവിക്കില്ലെന്നും വത്സൻ തമ്പു പറഞ്ഞു. അക്രമവും അനീതിയും യേശുക്രിസ്തുവിന്റെ നാമത്തിൽ ചെയ്യുന്നത് സ്വീകരിക്കില്ലെന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നൊരു അവസ്ഥയിലേക്ക് സാധാരണ കത്തോലിക്കാ വിശ്വാസികൾ എത്തുന്നുണ്ട്. ഈ യാഥാർത്ഥ്യം കല്ലറങ്ങാട്ട് പിതാവിന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ മതപരമായ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് വിചാരിക്കുന്നില്ല. കേരളത്തിൽ മയക്കുമരുന്നും മദ്യവും അധികമായി ഉപയോഗിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. ഇതൊരു സാമൂഹ്യപ്രശ്‌നമാണ്. ഒരു വിഭാഗവുമായി ബന്ധിപ്പിക്കേണ്ടതില്ല. ഇനി ഇത്തരമൊരു പ്രശ്‌നം സ്വന്തം സമൂഹത്തിലുണ്ടെങ്കിൽ അത് പറഞ്ഞ് മനസിലാക്കി അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് വേണ്ടത്. അതാണ് വൈദികന്റെ കടമ'-വത്സൻ തമ്പു പറഞ്ഞു.
ഒന്നും ചെയ്യാനില്ലാത്തത് കൊണ്ടാണ് മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുന്നത്. കത്തോലിക്ക സഭ തങ്ങളുടെ യുവതി-യുവാക്കന്മാരെയും കുട്ടികളെയും ആത്മീയത പരിശീലിപ്പിക്കുന്നതിൽ അമ്പെ പരാജയപ്പെട്ടിട്ടുണ്ട്. ഇതാണ് ആദ്യം നോക്കേണ്ടത്. ജീവിതയാഥാർത്ഥ്യങ്ങളെ മനസിലാക്കാനോ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനോ പാകത്തിലുള്ള ഒന്നും ഒരു ക്രിസ്തീയ സഭയ്ക്കുള്ളിൽ നടക്കുന്നില്ല. അതുകൊണ്ട് തന്നെ അപകടങ്ങളിൽ കുട്ടികൾ വീഴും. അതിനെ മറ്റു മതക്കാർ നടത്തുന്ന ജിഹാദാണ് എന്നൊക്കെ പറയുന്ന വ്യക്തിക്ക് സുബോധമുണ്ടോ എന്ന് ചോദിക്കേണ്ടി വരുമെന്നും-വത്സൻ തമ്പു പറഞ്ഞു.
ലഹരി മരുന്ന് വിൽക്കുകയോ വാങ്ങിക്കുകയോ ചെയ്യുന്ന കത്തോലിക്കരെ സഭയിൽ നിന്ന് മുടക്കും എന്നൊരു ഉത്തരവ് ഇറക്കാൻ പാല മെത്രാന് ധൈര്യമുണ്ടോ. ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ഇത്തരം വിവാദ പ്രസ്താവനകൾ നടത്തുന്നത്. കത്തോലിക്കരുടെ ഇടയിൽ വലിയൊരു അങ്കലാപ്പുണ്ട്. ഭൂമി കുംഭകോണം, സിസ്റ്റർ അഭയയുടെ കൊലപാതകം. കന്യാസ്ത്രീകളുടെ ശവശരീരം കോൺവെന്റുകളിലെ കിണറിൽ നിന്ന് പെറുക്കിയെടുത്ത യാഥാർത്ഥ്യങ്ങൾ തുടങ്ങിയ സംഭവങ്ങളിൽ വിശ്വാസികൾ വീർപ്പുമുട്ടുകയാണ്. ഇതിനെ അഭിമുഖീകരിക്കുവാൻ ബിഷപ്പുമാർക്കോ പുരോഹിതന്മാർക്കോ സാധ്യമാകുന്നില്ല. യാഥാർത്ഥ്യത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധയെ മറ്റൊരു വിധത്തിലേക്ക് തിരിച്ചുവിടുകയാണ് ഇപ്പോൾ ബിഷപ്പുമാർ ചെയ്യുന്നതെന്നും വത്സൻ തമ്പു പറഞ്ഞു.
ക്രിസ്ത്യാനികൾക്ക് ഇടയിൽ ചിന്താശേഷി കുറഞ്ഞുവരുന്നുണ്ടോ എന്ന് സംശയിക്കണം. ഇതിന്റെ ഉത്തരവാദിത്വം ഇങ്ങനെയുള്ള ബിഷപ്പുമാരും അവരുടെ മൂടുതാങ്ങിനടക്കുന്ന അച്ഛന്മാരുമാണ്. ബാഹ്യമായ അക്രമംകൊണ്ട് ലോകത്ത് ഒരു മതവും സമൂഹവും നശിച്ചിട്ടില്ലെന്നും ആന്തരികമായ വിള്ളലുകൾകൊണ്ടും അധപതനംകൊണ്ടും ആപാസത്തരംകൊണ്ടുമാണ് മതങ്ങളെല്ലാം നശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉള്ളിൽ വമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന ദുർഗന്ധത്തെ ജനശ്രദ്ധയിൽ നിന്ന് മാറ്റാനുള്ള തന്ത്രപ്പാടാണിതെന്നും ഇതിൽ വിജയിക്കില്ലെന്നും വത്സൻ തമ്പു പറഞ്ഞു. രാഷ്ട്രീയമായ യുദ്ധമുറയാണ് കത്തോലിക്ക സഭയുടെത്. ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാകുമെന്നാണ് അവർ വിചാരിക്കുന്നത്. അങ്ങനെയെങ്കിൽ തങ്ങളുടെ സംഘടനാപരമായ ലാഭം സംഘ്പരിവാറിനോട് ചേർന്നുനിൽക്കുന്നതിലാണെന്ന് അവര്‍ കരുതുന്നു.
ഫ്രാങ്കോ മുളക്കലിനെ കേസിൽ നിന്ന് ഊരിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ. കീഴ്‌ക്കോടതി ശിക്ഷിച്ചാലും മേൽ കോടതിയിൽ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് കരുതുന്നത്. അതുപോലെതന്നെയാണ് ഭൂമി കുംഭകോണ കേസും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സംഘ്പരിവരിനോട് ചേർന്ന് നിന്നാൽ രാഷ്ട്രീയ സംരക്ഷണം ലഭിക്കുമെന്ന് അവർക്ക് അറിയാം. കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സംരക്ഷകൻ യേശുക്രിസ്തു അല്ലെന്നും ബിജെപിയാണെന്നും അതാണ് ഇപ്പോൾ നടക്കുന്നതെന്നും വത്സൻ തമ്പു പറഞ്ഞു.