'സർക്കാർ തെറ്റുതിരുത്തണം എന്നതായിരുന്നു അവരുടെ ആവശ്യം'; പൂഞ്ഞാർ സംഭവത്തിൽ കുറിപ്പുമായി തോമസ് ഐസക്

സംഭവത്തിൽ മുസ്‌ലിം ചെറുപ്പക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന മുഖ്യമന്ത്രിയുടെ വംശീയ പരാമർശത്തിൽ മൗനം

Update: 2024-03-21 06:11 GMT
Editor : abs | By : Web Desk
Advertising

പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിലെ അനിഷ്ട സംഭവങ്ങളിൽ കുറിപ്പുമായി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്. വൈദികനെ അക്രമിച്ച സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തത് സമുദായത്തിൽ ഒന്നാകെ അമ്പരപ്പും സങ്കടവുമുണ്ടാക്കിയെന്ന് ഐസക് കുറിച്ചു. ഇക്കാര്യങ്ങൾ തുറന്നു പറയാൻ മഹല്ല് ഭാരവാഹികൾ മടിച്ചില്ല. എൽഡിഎഫിനോടുള്ള എതിർപ്പല്ല, സർക്കാർ തിരുത്തണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വംശീയ പരാമർശത്തിൽ പോസ്റ്റ് മൗനം പാലിക്കുന്നു. പള്ളിയിൽ നടന്നത് തെമ്മാടിത്തമാണ്, അതിൽ മുസ്‌ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഈരാറ്റുപേട്ടയില്‍ വെള്ളിയാഴ്ച രണ്ട് സിഎഎ വിരുദ്ധ സമ്മേളനങ്ങള്‍ നടന്നു. ആദ്യത്തേത് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ നാല് മണിക്ക് ആരംഭിച്ച് അഞ്ചരയ്ക്ക് അവസാനിച്ചു. രണ്ടാമത്തേത് മൂന്ന് മഹല്ല് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അഞ്ച് മണിക്ക് ആരംഭിച്ച് ആറ് മണിക്ക് മുമ്പ് അവസാനിച്ചു. എല്‍ഡിഎഫ് യോഗം കഴിഞ്ഞ് കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ മഹല്ലുകളുടെ പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ പോയി. അതിഥികളായ ഞങ്ങളെ സ്വീകരിച്ചു. പ്രതിഷേധ ധര്‍ണയില്‍ സീറ്റുകള്‍ തന്നു. പക്ഷേ ചില സമീപകാല സംഭവ വികാസങ്ങളില്‍ എല്‍.ഡി.എഫിനോടുണ്ടായ നീരസത്തെ പ്രാസംഗികര്‍ മറച്ചു വെച്ചില്ല.

ആദ്യത്തേത് വളരെ വിചിത്രമായ കാര്യമാണ്. പോലീസ് സ്‌റ്റേഷന്റെ അധീനതയിലുള്ള ഭൂമിയില്‍ കുറച്ച് സ്ഥലം സിവില്‍ സ്‌റ്റേഷന് വേണ്ടി എം.എല്‍.എ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു. സ്ഥലം വിട്ട് കൊടുക്കാന്‍ സ്വാഭാവികമായും ഡിപ്പാര്‍ട്‌മെന്റിന് എതിര്‍പ്പ്. പക്ഷേ അതിന് പറഞ്ഞ കാരണമാണ് ആക്ഷേപകരമായത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്ന പ്രദേശമായതിനാല്‍ പോലീസ് സ്‌റ്റേഷന്റെ വിപുലീകരണത്തിന് സ്ഥലം ആവശ്യമാണ് പോലും!. മുഴുത്ത ഇസ്ലാം വിരുദ്ധത തലയില്‍ കയറിയ ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയുകയുള്ളൂ. ഏതായാലും ഈ റിപ്പോര്‍ട്ട് എഴുതിയവര്‍ തന്നെ പിന്‍വലിച്ചു. ഇത്തരം സമുദായ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കി കൊണ്ട് ഡിപ്പാര്‍ട്‌മെന്റ് താല്‍പര്യം വിവരിക്കുന്ന ഒരു പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഫയലിലുള്ളത്. എങ്കിലും ഈ സംഭവം സമുദായത്തില്‍ ഒട്ടേറെ പേര്‍ക്ക് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്.

രണ്ടാമത്തേത് ഒരാഴ്ച മുമ്പ് മറ്റൊരു ദൗര്‍ഭാഗ്യകരമായ സംഭവംകൂടി ഉണ്ടായി. സ്‌കൂള്‍ കുട്ടികള്‍ ക്ലാസുകള്‍ അവസാനിച്ചത് ആഘോഷിക്കാൻ കാറുകളിൽ ചുറ്റി. അങ്ങനെ അവർ കത്തോലിക്ക ഫറോന പള്ളിമുറ്റത്തെത്തി. പള്ളിമുറ്റത്ത് നിന്നും പോകാന്‍ ആവശ്യപ്പെട്ട വൈദികന്റെ മേല്‍ കാറ് തട്ടി. സാരമായ പരിക്കൊന്നും ഉണ്ടായില്ലെങ്കിലും ഉച്ചത്തെ ഈ സംഭവം കഴിഞ്ഞ് വൈകുന്നേരം ആയപ്പോൾ ചില നിക്ഷിപ്ത താല്പര്യക്കാർ പള്ളിമണിയടിച്ച് കലാപത്തിന് ഒരുക്കം കൂട്ടി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടികള്‍ക്കെതിരെ 307 വകുപ്പ് പ്രകാരം കേസെടുത്തു.

മന്ത്രി വാസവന്‍ മുന്‍കൈ എടുത്ത് ഇരുവിഭാഗക്കാരെയും വിളിച്ച് ചര്‍ച്ച നടത്തി കുട്ടികള്‍ക്കെല്ലാം ജാമ്യം കിട്ടുന്നതിനുള്ള സാഹചര്യമൊരുക്കി. അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ്ജ് ഷീറ്റ് കൊടുക്കാന്‍ പോകുന്നതേയുള്ളു. ഇന്‍വെസ്റ്റിഗേഷനില്‍ സത്യാവസ്ഥ പുറത്തുവരും. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളെ ഉണ്ടാവുകയുള്ളു. എങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത് അവരുടെ രക്ഷിതാക്കള്‍ക്ക് മാത്രമല്ല സമുദായത്തില്‍ ഒന്നാകെ വലിയ അമ്പരപ്പും സങ്കടവും ഉണ്ടാക്കിയിരിക്കുകയാണ്.

ഇതൊക്കെ തുറന്ന് പറയുന്നതിന് മഹല്ല് ഭാരവാഹികള്‍ മടിച്ചില്ല. എൽഡിഎഫിനോടുള്ള എതിർപ്പല്ല. സര്‍ക്കാര്‍ തെറ്റുതിരുത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്ന് മാത്രമല്ല സഖാവ് കെ.ജെ. തോമസിനെ യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിൽ എല്‍ഡിഎഫ് വമ്പിച്ച വിജയം നേടിയതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട ഘടകം മുസ്ലിം സമുദായം പി.സി. ജോര്‍ജിനെതിരെ ഒറ്റക്കെട്ടായി ഇടതുപക്ഷത്തോടൊപ്പം നിന്നത് കൊണ്ടാണ്. പൗരത്വ നിയമം, എന്‍ഐഎ നിയമം, ബാബറി മസ്ജിദ് സ്ഥലത്തെ പുതിയ അമ്പലം തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് ഇടതുപക്ഷ നിലപാടുകളോട് യോജിപ്പും പിന്തുണയും വളരെ പ്രകടമാണ്. അതിനിടയിലാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍. അവയ്ക്ക് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്ന് കെ.ജെ. തോമസ് ഉറപ്പ് നല്‍കി. 


Full View


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News