മസാല ബോണ്ട് നിയമപരമെന്ന് ആവർത്തിച്ച് തോമസ് ഐസക്; ഭയപ്പെടുത്താനുള്ള അന്വേഷണമെന്ന് ആരോപണം

ഒരു വർഷം കേസ് അന്വേഷിച്ചിട്ടും ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി

Update: 2024-01-25 08:21 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: മസാലബോണ്ട് ഇടപാട് നിയമപരമെന്ന് ആവർത്തിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇഡി പുറത്ത് വിട്ട രേഖകൾ രഹസ്യരേഖയല്ല. ഒരു വർഷം കേസ് അന്വേഷിച്ചിട്ടും ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. സമൻസിന്റെ പേരിൽ ഉദ്യോഗസ്ഥരെ ഇഡി ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു.

മസാല ബോണ്ട്‌ ഇറക്കിയതിൽ തോമസ് ഐസക്കിന് നിർണായക പങ്കുണ്ടെന്നും തീരുമാനങ്ങൾ എടുത്തിരുന്നത് മുഖ്യമന്ത്രിയും തോമസ് ഐസക്കും ചേർന്നാണെന്നുമാണ് ഇഡിയുടെ ആരോപണം. ഈ ആരോപണങ്ങളെ തള്ളിയാണ് തോമസ് ഐസക് രംഗത്തെത്തിയത്.

മസാലബോണ്ട് ഇടപാട് നിയമപരമാണ്. ഇഡി പുറത്ത് വിട്ടത് രഹസ്യ രേഖയല്ല. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് ഇഡി നടത്തുന്നതെന്നും ഐസക് പറഞ്ഞു.

ഇഡിയുടെ സമൻസിനെ നിയമപരമായി നേരിടുമെന്നും ഐസക് പറഞ്ഞു. മസാലബോണ്ട് കേസുമായി ബന്ധപ്പെട്ട് ഇഡി ബുദ്ധിമുട്ടിക്കുകയാണെന്ന് കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. ആവശ്യപ്പെട്ട രേഖകൾ തന്നെ വീണ്ടും ആവശ്യപ്പെടുന്നത് വഴി കിഫ്ബിയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമം നടക്കുന്നുവെന്നും കിഫ്ബി ആരോപിച്ചു.

സമൻസിനെ ഉദ്യോഗസ്ഥർ ഭയക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി പ്രാഥമിക അന്വേഷണത്തെ വിലക്കാൻ കോടതിക്കാകില്ലെന്ന് വ്യക്തമാക്കി. അന്വേഷണവുമായി ഒരു ഘട്ടത്തിൽ പോലും കിഫ്ബി സഹകരിച്ചിട്ടില്ലെന്ന് ഇഡികോടതിയിൽ മറുപടി നൽകി.

ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട നൂറ് കണക്കിന് കേസുകളിൽ പലപ്രമുഖരും ഇഡിക്ക് മുന്നിൽ ഹാജരാകാറുണ്ട്. കിഫ്ബി മാത്രമാണ് അന്വേഷണത്തോട് വിമുഖത കാണിക്കുന്നതെന്നും ഇഡി അറിയിച്ചു.ഇഡി നൽകിയ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കിഫ്ബി ആവശ്യപ്പെട്ടതിനാൽ ഹരജി പരിഗണിക്കുന്നത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News