തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല; നിയമനടപടി സ്വീകരിക്കാൻ ആലോചന

ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നൽകും

Update: 2022-08-06 06:01 GMT
Advertising

തിരുവനന്തപുരം: മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായേക്കില്ല. നിയമനടപടിയിലേക്ക് നീങ്ങാനാണ് ആലോചന. ഇതിന്‍റെ ആദ്യപടിയായി ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. ഇ.ഡിക്ക് മുന്നില്‍ തോമസ് ഐസക് ഹാജരായാല്‍ സമാനമായ നീക്കം മുഖ്യമന്ത്രിയ്ക്കെതിരേയും കേന്ദ്ര ഏജന്‍സി നടത്തുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്.

കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. ചോദ്യം ചെയ്യലിനായി ആദ്യം നോട്ടീസ് നല്‍കിയിട്ട് തോമസ് ഐസക് ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കിയത്. ഈ മാസം 11 ന് ഹാജരാകാനായിരുന്നു നിര്‍ദേശം. 

സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകരോട് തോമസ് ഐസക് നിയമോപദേശവും തേടിയിരപുന്നു. സുപ്രിംകോടതിയില്‍ നിന്ന് ഇ.ഡിക്ക് കഴിഞ്ഞദിവസം കിട്ടിയ അനുകൂലവിധി കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ മാത്രമാണ് ബാധകമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നാണ് സൂചന. കിഫ്ബിക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നതും ആലോചനയിലുണ്ട്. കിഫ്ബിക്കെതിരായ ഇ.ഡി കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണ് സി.പി.എമ്മിന്‍റേത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News