ജെയ്ക്കിന്റെ പരിപാടിക്കെത്താൻ വഴിയിൽ തടഞ്ഞുനിർത്തിയും ഭീഷണി; പരാതി രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചായത്തംഗം
പ്രവർത്തകയായിട്ടും വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇടപ്പെട്ടില്ലെന്നും തൊഴിലുറപ്പ് തൊഴിലാളി ശാന്തമ്മ കുറ്റപ്പെടുത്തി.
കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിക്കെത്താൻ പാമ്പാടി പഞ്ചായത്തംഗം സുനിതാ ദീപു തന്നെ നേരിട്ടും ഭീഷണിപ്പെടുത്തിയെന്ന് തൊഴിലുറപ്പ് തൊഴിലാളി ശാന്തമ്മ. രാഷ്ട്രീയ സമ്മർദഫലമായി അല്ല പരാതി നൽകിയത്. പ്രവർത്തകയായിട്ടും വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇടപ്പെട്ടില്ലെന്നും ശാന്തമ്മ കുറ്റപ്പെടുത്തി.
തൊഴിൽ സ്ഥലത്ത് വന്ന് പ്രചാരണ പത്രിക നൽകിയ പഞ്ചായത്തംഗം 22ആം തീയതി നടക്കുന്ന എൽഡിഎഫ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവരും നിർബന്ധമായി പങ്കെടുക്കണമെന്നും അന്നത്തെ ദിവസത്തെ ജോലി നിർത്തലാക്കുമെന്നും മെമ്പർ പറഞ്ഞതായി ശാന്തമ്മ പറയുന്നു. എഞ്ചിനീയറെ വിളിച്ചുചോദിച്ചപ്പോൾ ജോലി തുടരാനായിരുന്നു നിർദേശം.
വിവരമറിഞ്ഞ പഞ്ചായത്തംഗം ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ദേഷ്യപ്പെടുകയുമായിരുന്നു എന്നും ശാന്തമ്മ പറഞ്ഞു. എന്നാൽ, എൽഡിഎഫ് പരിപാടിയിൽ പങ്കെടുക്കാൻ താൻ ഭീഷണിപ്പെടുത്തിയെന്ന പരാതി രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു പഞ്ചായത്തംഗം സുനിതയുടെ പ്രതികരണം.
ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. എൽഡിഎഫ് പരിപാടികളിലെ പങ്കാളിത്തം കണ്ട് വിളറിപൂണ്ട യുഡിഎഫ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും സുനിത ആരോപിച്ചു.