കണ്ണൂരില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരത്തിലിടിച്ച് മൂന്ന് പേര്‍ മരിച്ചു
പയ്യാവൂരിൽ നിന്നും വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് സമീപത്തുള്ള ആല്‍മരത്തിൽ ഇടിക്കുകയായിരുന്നു
കണ്ണൂര്‍ എളയാവൂരില്‍ നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ വെട്ടിക്കുഴിയില്‍ ബിജോ,ഭാര്യ റെജിന ആംബുലൻസ് ഡ്രൈവര്‍ നിധിൻ രാജ് എന്നിവരാണ് മരിച്ചത്.റെജിനയുടെ സഹോദരന്‍ ബെന്നിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടം. പയ്യാവൂര്‍ വാതില്‍മുട ഭൂതത്താന്‍ കോളനിയിലെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയുമായി കണ്ണൂരിലേക്ക് വരികയായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് വഴിയരുകിലെ ആല്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച ബിജോയി കുറച്ച് ദിവസങ്ങളായി പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം. മണിക്കടവ് യു.പി സ്കൂളിലെ അധ്യാപികയാണ് മരിച്ച റെജിന.