തൃക്കാക്കരയില്‍ തെരുവ് നായകളെ കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍‌ കൂടി അറസ്റ്റില്‍; പ്രതിക്കൂട്ടിലായി നഗരസഭ

മുപ്പതിലധികം നായക്കളുടെ ജഡമാണ് നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിനടുത്ത് നിന്നും കണ്ടെത്തിയിരുന്നത്

Update: 2021-07-26 07:53 GMT
Advertising

എറണാകുളം തൃക്കാക്കരയില്‍ തെരുവ് നായകളെ കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍‌ കൂടി അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നഗരസഭയുടെ കമ്യൂണിറ്റി ഹാളില്‍ പ്രതികള്‍ താമസിച്ചിരുന്നു എന്ന് വ്യക്തമായതോടെ നഗരസഭയും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

കഴിഞ്ഞ വെളളിയാഴ്ചയാണ് തെരുവുനായകളെ കൂട്ടത്തോടെ പിടികൂടി കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്തുവന്നത്. നഗരസഭയുടെ നിര്‍ദേശപ്രകാരമാണ് നായകളെ പിടികൂടി വിഷം കുത്തിവെച്ചതെന്ന് കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടെ അറിവോടെയാണ് കൃത്യം നടത്തിയതെന്നും മൊഴി ഉണ്ട്. ഇതിന് പിന്നാലെയാണ് കൂടുതല്‍ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ പ്രതീഷ്, രഞ്ജിത് കുമാര്‍, രഘു എന്നിവരാണ് ഇപ്പോള്‍ അറസ്റ്റിലായത്. പൊലീസിന് പുറമെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും ഇവരിൽ നിന്ന് മൊഴിയെടുക്കും. നഗരസഭയുടെ കമ്യൂണിറ്റി ഹാളില്‍ പ്രതികള്‍ താമസിച്ചിരുന്ന സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തായതോടെ നഗരസഭ കുരുക്കിലായിരിക്കുകയാണ്. നായകളെ കൊല്ലാനുപയോഗിച്ച വിഷവും പിടിക്കാനുപയോഗിച്ച കുരുക്കും ഇതേ കമ്മ്യൂണിറ്റിഹാളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

നഗരസഭയുടെ അനുമതിയില്ലാതെ ഇവർക്ക് കമ്മ്യൂണിറ്റി ഹാളിൽ കഴിയാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അന്വേഷണത്തില്‍ മുപ്പതിലധികം നായക്കളുടെ ജഡമാണ് നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിനടുത്ത് നിന്നും കണ്ടെത്തിയിരുന്നത്.

Tags:    

Writer - അക്ഷയ് പേരാവൂർ

contributor

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News