ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി
കരക്കെത്തുന്നതിനു തൊട്ട് മുൻപാണ് ഇവർ സഞ്ചരിച്ച ഫൈബർ വള്ളം അപകടത്തില്‍പെട്ടത്
തൃശൂർ: ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. സ്ഥലത്ത് പൊലീസും നാട്ടുകാരും രക്ഷപ്രവർത്തനം നടത്തുകയാണ്. കരക്കെത്തുന്നതിനു തൊട്ട് മുൻപ് ഇവർ സഞ്ചരിച്ച ഫൈബർ വള്ളം അപകടത്തിൽപെടുകയായിരുന്നു. കടലിൽ ശക്തമായ തിരയായിരുന്നു ഉണ്ടായത്. ആ സമയത്ത് എഞ്ചിൻ ഓഫാവുകയും വള്ളം മറിയുകയുമായിരുന്നു. അതേസമയം കൊല്ലം അഴീക്കൽ തുറമുഖത്ത് ബോട്ടിൽ നിന്ന് തെറിച്ച് കടലിൽവീണവർ നീന്തി രക്ഷപെട്ടു.
അതേസമയം സംസ്ഥാത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യബന്ധത്തിന് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും ഇതേ ജില്ലകളിൽ റെഡ് അലർട്ടാണ്. ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
മഴക്കെടുതിയിൽ ഇതുവരെ ആറുപേരാണ് മരിച്ചത്. ഒരാളെ കാണാതായി. അഞ്ചു വീടുകൾ പൂർണമായും 55 വീടുകൾ ഭാഗീകമായും തകർന്നു. 90പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റി.