ചിക്കൻ റോളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടരവയസുകാരൻ മരിച്ച സംഭവം; ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകൾ പൂട്ടിച്ചു
ഇന്ന് രാത്രിയിൽ തന്നെ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ഡിഎംഒയുടെ നിർദേശമുണ്ട്.
കോഴിക്കോട് നരിക്കുനിയിൽ കല്യാണവീട്ടിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടിയെടുത്തു. കല്യാണ വീട്ടിലേക്ക് ഭക്ഷണം വിതരണം ചെയ്ത മൂന്ന് കടകൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടി. ഇന്ന് രാത്രിയിൽ തന്നെ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ഡിഎംഒയുടെ നിർദേശമുണ്ട്. നാളെയും സ്ഥലത്ത് പരിശോധന നടത്തും.
ചങ്ങളം കണ്ടി അക്ബറിന്റെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വിവാഹവീട്ടിൽ കൊണ്ടുവന്ന ചിക്കൻ റോളിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം. വിവാഹത്തിൽ പങ്കെടുത്ത ഭക്ഷ്യവിഷബാധയേറ്റ് ആറു കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
11 ന് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ ഇന്നലെയാണ് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത്. അസ്വസ്ഥ പ്രകടിപ്പിച്ചതിന് പിന്നാലെ യാമിനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
Summary: The health department has taken action in the incident where a two and a half year old boy died due to food poisoning from a wedding house in Narikkuni, Kozhikode.