തൃക്കാക്കര വ്യാജരേഖ കേസ്: ഷാജൻ സ്‌കറിയക്ക് ജാമ്യം
എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്
കൊച്ചി: തൃക്കാക്കര വ്യാജരേഖ കേസ് ഷാജൻ സ്‌കറിയക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ജാമ്യം നൽകി വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. ഇന്ന് രാവിലെയാണ് നിലമ്പൂരിൽ വച്ച് തൃക്കാക്കര പൊലീസ് ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്തത്.
ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഷാജൻ സ്‌കറിയയെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ട ഗുരുതര കുറ്റമല്ല ഇത്. മൂന്നു വർഷം മുമ്പ് നടന്ന സംഭവത്തിൽ രജിസ്ട്രാർ ഓഫ് കമ്പനീസ് പരാതി നൽകിയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. അറസ്റ്റിന് അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്നും കോടതി കുറ്റപ്പെടുത്തി.
പ്രതിയെ അറസ്റ്റ് ചെയ്തതുകൊണ്ട് മുൻകൂർ ജാമ്യ ഹരജി ഇല്ലാതാകില്ല. ഹൈക്കോടതി ഉത്തരവിൽ ഹാജരായ ഒരാളെ വീണ്ടും അറസ്റ്റ് ചെയ്തത് തെറ്റാണ്. കോടതി ഉത്തരവിനെ പൊലീസ് പരിഹസിക്കുകയാണ്. പൊലീസിന്റെ ദുരുദ്ദേശം ഈ നടപടിയിൽ വ്യക്തമാണെന്നും കോടതി പറഞ്ഞു.