ശ്രീരാമന്റെ പേരിൽ വോട്ടഭ്യർഥന; തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപിക്ക് നോട്ടീസ്
മൂന്നാഴ്‌ചക്കകം മറുപടി നല്‍കാന്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി
തൃശൂര്‍: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്‌ചക്കകം മറുപടി നല്‍കാന്‍ സുരേഷ് ഗോപിക്ക് കോടതിയുടെ നിര്‍ദ്ദേശം. എഐവൈഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ ഹരജിയിലാണ് നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പരാതി. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ച് ബിജെപി, എന്‍ഡിഎ നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരുപറഞ്ഞ് വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചുവെന്നും ബിനോയ് നൽകിയ ഹരജിയിൽ പറയുന്നു.
മാർച്ച് 30ന് ഇരിങ്ങാലക്കുട റാണ പൂതംകുളം മൈതാനിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിലാണ് അബ്‌ദുള്ളക്കുട്ടി ശ്രീരാമന്റെ പേരിൽ വോട്ടഭ്യർഥിച്ചത്. ഇതെല്ലാം സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ബിനോയ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.