തുവ്വൂർ കൊലപാതകക്കേസ്; വി.ഡി സതീശന് വക്കീൽ നോട്ടീസ് അയച്ച് ഡി.വൈ.എഫ്.ഐ
തുവ്വൂർ കൊലപാതകക്കേസ് പ്രതി വിഷ്ണു മുൻ ഡി.വൈ.എഫ്.ഐക്കാരൻ ആയിരുന്നു എന്ന പരാമർശം വി.ഡി സതീശൻ പിൻവലിച്ചു മാപ്പു പറയണം എന്നാണ് ആവശ്യം.
മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് വക്കീൽ നോട്ടീസ് അയച്ച് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി. തുവ്വൂർ കൊലപാതകക്കേസ് പ്രതി വിഷ്ണു മുൻ ഡി.വൈ.എഫ്.ഐക്കാരൻ ആയിരുന്നു എന്ന പരാമർശം വി.ഡി സതീശൻ പിൻവലിച്ചു മാപ്പു പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം വാർത്ത സമ്മേളനം വിളിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു.
തുവ്വൂർ കൃഷിഭവനിൽ താല്ക്കാലിക ജീവനക്കാരിയായിരുന്ന സുജിത(35)യെ കൊലപ്പെടുത്തിയ കേസിൽ വിഷ്ണു ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണു പൊലീസിന്റെ പിടിയിലായത്. വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ നിന്ന് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മൃതദേഹം കണ്ടെടുത്തത്.
ഇതിനു പിന്നാലെയാണ് കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനത്തു നിന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. യൂത്ത് കോൺഗ്രസിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി വാർത്താക്കുറിപ്പിലൂടെയാണ് വിഷ്ണുവിനെ പുറത്താക്കിയ വിവരം അറിയിച്ചത്.