പി ജെ കുര്യനെതിരെ നടപടി വേണമെന്ന് ടി എന്‍ പ്രതാപന്‍; മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ നേതൃത്വത്തിന് വിമര്‍ശനം

രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വിട്ടു നിന്ന് മുല്ലപ്പള്ളിയും പിജെ കുര്യനും

Update: 2022-04-18 15:25 GMT
Advertising

രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച പിജെ കുര്യനെതിരെ നടപടി വേണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യം. ടി എന്‍ പ്രതാപന്‍ എംപിയാണ് ആവശ്യം ഉന്നയിച്ചത് . അംഗത്വ വിതരണത്തില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പിജെ കുര്യനും മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ നിന്ന് വിട്ടുനിന്നു .

രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തനസ്ഥിരതയില്ലെന്നായിരുന്നു പി ജെ കുര്യന്‍ കേരള ശബ്ദം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയത്. ഇതില്‍ നടപടി വേണമെന്നായിരുന്നു ടി എന്‍ പ്രതാപന്റെ ആവശ്യം. യോഗത്തിലേക്ക് പി ജെ കുര്യന്‍ എത്താതിരുന്നത് മനപൂര്‍വ്വമാണ്. പാര്‍ട്ടിയില്‍ നിന്ന് പദവികള്‍ നേടിയെടുത്ത് ഒരു ഘട്ടം പിന്നിടുമ്പോള്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി. കെ വി തോമസിനെതിരേയും നടപടി വേണമെന്ന ആവശ്യവും പ്രതാപന്‍ ഉയര്‍ത്തി. ഇക്കാര്യത്തിലെല്ലാം ഹൈക്കമാന്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു മറ്റ് നേതാക്കളുടെ നിലപാട്.

ലക്ഷ്യം പൂര്‍ത്തിയാക്കിയില്ലെങ്കിലും ഇതുവരെയുള്ള കണക്ക് പ്രകാരം 33 ലക്ഷം പേര്‍ അംഗങ്ങളായെന്ന് കെപിസിസി പ്രസിഡന്റ് യോഗത്തെ അറിയിച്ചു. രണ്ട് ജില്ലകളിലെ കൂടി കണക്ക് കിട്ടാനുണ്ട്. ഇത് കൂടി ലഭിക്കുന്നതോടെ അംഗത്വ എടുത്തവരുടെ എണ്ണം 35 ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയും കെ സുധാകരന്‍ യോഗത്തില്‍ പങ്ക് വെച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നേതൃതലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകരുതെന്നും യോഗത്തില്‍ ധാരണയായി. സംസ്ഥാന നേതൃത്വത്തിന് എതിരായ പരാതികള്‍ പരിഹരിക്കാത്തതിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News