ഇന്നത്തെ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചിട്ടില്ല; തുടർച്ചയായ ഒൻപതാം മണിക്കൂറിലും അരിക്കൊമ്പനായുള്ള ദൗത്യം തുടരുന്നു

ആനയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം മറ്റൊരു ദിവസത്തേക്ക് മാറ്റും

Update: 2023-04-28 08:15 GMT
Advertising

ഇടുക്കി: ഇന്നത്തെ അരിക്കൊമ്പൻ ദൗത്യം അവസാനിപ്പിച്ചിട്ടില്ലെന്ന് നെടുങ്കണ്ടം തഹസിൽദാർ.  തുടർച്ചയായ ഒൻപതാം മണിക്കൂറിലും അരിക്കൊമ്പനായുള്ള ദൗത്യം തുടരുകയാണ്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അരിക്കൊമ്പനെ തിരയുന്നത്. ശങ്കരപാണ്ഡ്യൻ മേട്ടിലാണ് നിലവിൽ പരിശോധന നടത്തുന്നത്. രണ്ട് മണിവരെ ദൗത്യത്തിനായി കാത്തിരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോടതി ഉത്തരവ് ഇല്ലായിരുന്നെങ്കിൽ നേരത്തെ അരിക്കൊമ്പനെ പിടികൂടാമായിരുന്നെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വിഷയത്തിൽ കോടതി അടിയന്തരമായി കൂടുന്നുവെന്ന് കേട്ടപ്പോൾ അത്ഭുതപ്പെട്ടു, വന്യജീവി പ്രേമം മനുഷ്യസ്നേഹത്തേക്കാൾ അധികമാകുന്നതിന്റെ ദുരന്തമാണിതെന്നും മന്ത്രി പറഞ്ഞു. ചൂട് കൂടുതലായതു കൊണ്ടാകാം ഇന്ന് കണ്ടെത്താൻ ആകാത്തതെന്നും ദൗത്യത്തിൽ നിന്ന് പിന്മാറാൻ വനം വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ ആദ്യം കണ്ടുവെന്ന് പറഞ്ഞ സിമന്‍റ് പാലത്തിന് സമീപവും കാട്ടാനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പനെ കണ്ടെന്ന് പറഞ്ഞ 301 കോളനിക്ക് സമീപവും ശങ്കരപാണ്ഡ്യൻ മേട്ടിലുമാണ് തിരച്ചിൽ നടക്കുന്നത്.

വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. ആനയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം മറ്റൊരു ദിവസത്തേക്ക് മാറ്റും.

മയക്കുവെടിവെച്ച് ആനയെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിലോ അഗസ്ത്യാർകൂട വനമേഖലയിലോ വിടാനാണ് തീരുമാനം. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്നലെ പൂർത്തിയായിരുന്നു. ഇതിന് മുൻപ് അഞ്ച് തവണ അരിക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ഇതുവരെ ഏഴ് വീടുകളും മൂന്ന് കടകളും റേഷൻകടയും ക്യഷിയും അരിക്കൊമ്പൻ നശിപ്പിച്ചിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News