നിയമ വിരുദ്ധ ലൈറ്റുകളും, മ്യൂസിക് സംവിധാനവും; റാന്നിയിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി
ടൂറിസ്റ്റ് ബസിനാവശ്യമായ അനുമതി സ്‌കൂൾ അധികൃതർ വാങ്ങിയില്ലെന്ന് ആർടിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി
പത്തനംതിട്ട: റാന്നിയിൽ നിന്ന് വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ആർടിഒ ഉദ്യോഗസ്ഥർ പിടികൂടി. ബസിൽ നിയമവിരുദ്ധമായ ലൈറ്റുകളും മ്യൂസിക് സംവിധാനവും കണ്ടെത്തി. ടൂറിസ്റ്റ് ബസിനാവശ്യമായ അനുമതി സ്‌കൂൾ അധികൃതർ വാങ്ങിയില്ലെന്ന് ആർടിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വടക്കഞ്ചേരി അപകടത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിലും പരിശോധന തുടരുകയാണ്. ജില്ലാ ആർടിഒ എകെ ദിലീപിന്റെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് പല മേഖലകളിലാണ് പരിശോധനകൾ നടന്നുവരുന്നത്.
ഇന്നലെ മാത്രം ജില്ലയിൽ നിന്ന് നിയമലംഘനം നടത്തിയ പതിനൊന്ന് ബസുകളാണ് ആർടിഒ പിടികൂടിയത്. ബസുകളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പിഴയടപ്പിച്ച ശേഷം യാത്ര തുടരാൻ ജില്ലാ ആർടിഒ അനുവദിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് റാന്നിയിൽ നിന്ന് വിദ്യാർത്ഥികളുമായി പുറപ്പെട്ട ടൂറിസ്റ്റ് ബസ് അടൂരിൽ നിന്ന് ആർടിഒ പിടികൂടുന്നത്. ഈ ബസിനും വേണ്ട നിർദ്ദേശങ്ങൾ നൽകി യാത്ര തുടരാൻ അനുമതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട മയിലപ്രയിൽ ഇന്ന് ടൂറിസ്റ്റ് വാഹനങ്ങളിൽ നടത്തിയ പരിശോധനകളും സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ മ്യൂസിക് സംവിധാനങ്ങളും ലൈറ്റുകളും ഗ്ലാസുകളുമാണ് മിക്ക വാഹനങ്ങളിൽ നിന്നും കണ്ടെത്തിയത്. ജില്ലയിൽ പരിശോധന തുടരുകയാണ്.