തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി
വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ടി. നസിറുദ്ദീൻ.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലേതുള്‍പ്പെടെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു.
ജൂലൈ 26ന് കോഴിക്കോട് മിഠായിത്തെരുവിൽ വ്യാപാരികള്‍ സംഘടിപ്പിച്ച സമരം സംസ്ഥാനമാകെ പടർന്നിരുന്നു. പിന്നീട് സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു. ആഗസ്റ്റ് അഞ്ചു മുതലാണ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചത്.