ഹെൽത്ത് കാർഡിനായി ടൈഫോയ്‌ഡ് വാക്‌സിൻ; മരുന്നുകമ്പനികളെ സഹായിക്കാനുളള നടപടിയെന്ന് വ്യാപാരികൾ
പിന്നിൽ അഴിമതിയുണ്ടെന്നും വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആരോപിച്ചു.
ടൈഫോയ്‌ഡ് പ്രതിരോധ കുത്തിവെപ്പിനെതിരെ വ്യാപാരികൾ രംഗത്ത്. ഹെൽത്ത് കാർഡ് ലഭിക്കാൻ ടൈഫോയ്ഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് ആവശ്യം. മരുന്നുകമ്പനികളെ സഹായിക്കാനാണ് പുതിയ നടപടിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
കെട്ടിക്കിടക്കുന്ന മരുന്നുകൾ വിൽക്കാനാണ് നിബന്ധനയിൽ ഇങ്ങനെ ഒരു പരിഷ്ക്കാരം കൂട്ടിചേർത്തത്. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആരോപിച്ചു.
"കഴിഞ്ഞ 31ആം തീയതി വരെ ഹെൽത്ത് കാർഡ് എടുത്തവർക്കാർക്കും ഇല്ലാത്തൊരു നിബന്ധനയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തികച്ചും അശാസ്ത്രീയമാണിത്. ടൈഫോയ്‌ഡ് മാത്രമാണോ ഇവിടുത്തെ മാറാരോഗം. ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് കെട്ടിക്കിടക്കുന്ന മരുന്നുകൾ വിറ്റഴിക്കാനുള്ള നീക്കം മാത്രമാണിത്.
ആരോഗ്യമന്ത്രി ഒരിക്കലും ജനകീയമായി പ്രവർത്തിച്ചിട്ടില്ല. ആദ്യം ഹെൽത്ത് കാർഡ് എടുത്ത എഴുപത് ശതമാനം പേർക്കും ഈ നിബന്ധന ഇല്ലായിരുന്നു എന്നത് ശ്രദ്ധേമാണ്"; രാജു അപ്‌സര പറഞ്ഞു.