വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം
ദേശീയപാതയിൽ മംഗലംപാലം ഭാഗത്തെ റോഡ് ബാരിക്കേഡ് വെച്ച് പൂർണമായും അടച്ചു
പാലക്കാട്: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയിൽ മംഗലംപാലം ഭാഗത്തെ റോഡ് ബാരിക്കേഡ് വെച്ച് പൂർണമായും അടച്ചു.
വടക്കഞ്ചേരി പൊലീസും മോട്ടോർ വാഹന വകുപ്പുംകരാർ കമ്പനിയും ചേർന്നാണ് ദേശീയപാതയിൽ മംഗലം പാലം ഭാഗത്തെ റോഡ് ബാരിക്കേഡ് വച്ച് പൂർണ്ണമായും അടച്ചത്. ബസുകൾ കൂട്ടിയിടിച്ച് 9 പേർ മരിച്ച പശ്ചാത്തലത്തിൽ കലക്ട്രേറ്റില്‍ ചേർന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. പ്രദേശത്ത് നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. സിഗ്നൽ ജംഗ്ഷനിൽ മഞ്ഞ വരകൾ മാർക്ക് ചെയ്ത് അപകട സാധ്യത കുറയ്ക്കാനുള്ള നടപടികൾ നേരത്തെ സ്വീകരിച്ചിരുന്നുവെങ്കിലും ഫലം ഉണ്ടായില്ല.ഇതോടെയാണ് ബാരിക്കേഡ് വച്ച് റോഡ് പൂർണമായും അടച്ചത്.
റോഡ് അടച്ചതോടെ വടക്കഞ്ചേരി ടൗണിൽ നിന്നും വരുന്ന വാഹനങ്ങൾ മംഗലം ജംഗ്ഷനിൽ എത്തുന്നതിനു മുൻപുള്ള നെന്മാറ റോഡിലേക്ക് കടന്ന് സർവീസ് റോഡ് വഴി മംഗലം അടിപ്പാതയിലൂടെ പ്രവേശിച്ചുവേണം ദേശീയപാതയിലേക്ക് കയറാൻ. അല്ലെങ്കിൽ റോയൽ ജംഗ്ഷനിലേക്ക് പ്രവേശിച്ച ശേഷം വലിയ വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് അടുത്തുള്ള സർവീസ് റോഡ് വഴി ദേശീയപാതയിൽ പ്രവേശിക്കണം. പ്രദേശത്ത് ട്രാഫിക് പൊലീസിനെയും വിന്യസിക്കും