ഹെൽമറ്റ് ഇല്ലാതെ വണ്ടി ഓടിച്ചത് ഒരാൾ, ചലാൻ ലഭിച്ചത് മറ്റൊരാൾക്ക്: കോഴിക്കോട് ആളുമാറി പിഴ
താമരശ്ശേരി കൊരങ്ങാട് സ്വദേശി മുഹമ്മദ് യാസീനാണ് ആളുമാറി ചലാൻ ലഭിച്ചത്
Update: 2023-05-05 03:21 GMT
കോഴിക്കോട്: കോഴിക്കോട് നിയമലംഘനത്തിന് ആളുമാറി പിഴ. താമരശ്ശേരി കൊരങ്ങാട് സ്വദേശി മുഹമ്മദ് യാസീനാണ് ആളുമാറി ചലാൻ ലഭിച്ചത്. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 1000 രൂപ പിഴയടയ്ക്കണമെന്നാണ് നോട്ടീസ്. യാസീന് കിട്ടിയ ചലാനിൽ മറ്റൊരാളുടെ സ്‌കൂട്ടറിന്റെ ഫോട്ടോ ആണ് ഉള്ളത്.
പെയിന്റിങ് തൊഴിലാളിയാണ് യാസീൻ. ഏപ്രിൽ 28നാണ് യാസീന് ഫോണിലേക്ക് മെസ്സേജ് വരുന്നത്. ഹെൽമറ്റ് ഇല്ലാഞ്ഞതിനാൽ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. വണ്ടി മറ്റാരെങ്കിലും ഓടിച്ച സമയത്തെ നോട്ടീസ് ആകാം വന്നതെന്ന് കരുതിയെങ്കിലും പിന്നീട് സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ലിങ്ക് പരിശോധിച്ചപ്പോഴാണ് ആളുമാറി ചലാൻ ലഭിച്ചതാണെന്ന് ബോധ്യപ്പെടുന്നത്.
ടിവിഎസ് എന്റോർക്ക് ആണ് യാസീന്റെ വണ്ടി. എന്നാൽ ചലാനിലുള്ളത് ആക്ടീവയുടെ ചിത്രവും. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് യാസിൻ.