കെ.എസ്.ആർ.ടി.സി പ്രതിസന്ധി; ശമ്പളമില്ലെങ്കിൽ സമരമെന്ന് പ്രതിപക്ഷ യൂണിയനുകൾ, അനുനയ നീക്കവുമായി സർക്കാർ
അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ചര്‍ച്ച നടത്തും
തിരുവനന്തപുരം: നാളെ ശമ്പളം ലഭിച്ചില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക് നടത്തുമെന്ന് കെ.എസ്.ആർ.ടി സിയിലെ പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ച സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. പ്രതിസന്ധി ചർച്ച ചെയ്യാൻ നാളെ തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. നാളെ വൈകീട്ട് മൂന്നിന്, മൂന്ന് അംഗീകൃത തൊഴിലാളി സംഘടനകളുമായാണ് ചര്‍ച്ച.
കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ മാസത്തെക്കാൾ പ്രതിസന്ധി രൂക്ഷമാണ്. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു. ബാങ്ക് ഓവർ ഡ്രാഫ്റ്റ് 45 കോടിയെടുത്ത് കഴിഞ്ഞ പ്രാവിശ്യം ശമ്പളം നൽകിയതിനാൽ ആ വഴിയും അടഞ്ഞു. സഹകരണ സൊസൈറ്റിയില്‍ നിന്ന് ലോണ്‍ തരപ്പെടുത്താനുള്ള ശ്രമംകൂടി മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 163 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്, ഇതില്‍ നിന്ന് ശമ്പളം നല്‍കാനുള്ള തുക എന്തുകൊണ്ട് മാറ്റിവെച്ചുകൂടാ എന്നാണ് യൂണിയനുകളുടെ ചോദ്യം.