കെ.എസ്.ആർ.ടി.സി ശമ്പളം: സർക്കാറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി
'ശമ്പളം നൽകുന്ന കാര്യം യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെ'
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പളപ്രതിസന്ധിയിൽ സർക്കറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പത്തിന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. സമരം ചെയ്ത് ഉറപ്പ് ലംഘിച്ചത് യൂണിയനുകളാണെന്നും മന്ത്രി പറഞ്ഞു. ശമ്പളം നൽകുന്ന കാര്യം യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ മാനേജ്‌മെന്റിനൊപ്പം നിന്ന സി.ഐ.ടി.യുവും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് ശമ്പളം കിട്ടിയില്ലെങ്കിൽ മറ്റന്നാൾ മുതൽ സമരം തുടങ്ങാനാണ് പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫിന്റെ ആലോചന. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി 2018 മുതൽ നിർത്തി വച്ചിരുന്ന പ്രമോഷൻ പുനരുജ്ജീവിപ്പിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഹെഡ് വൈഹിക്കിൾ സൂപ്പർവൈസർ, വെഹിക്കിൾ സൂപ്പർവൈസർ, ഇൻസ്‌പെക്ടർ, സ്റ്റേഷൻ മാസ്റ്റർ, സൂപ്രണ്ട് തുടങ്ങിയ സൂപ്പർവൈസറി തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുന്നതിന് പരിഗണിക്കുന്ന, സീനിയോറിറ്റി അനുസരിച്ചുള്ള ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു.