'വിചാരണ തടവുകാർ കൂടുന്നു'; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി; നിർദേശങ്ങൾ പുറപ്പെടുവിച്ചു

വിചാരണ നീളുന്നതിന് കാരണം പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരി​ഗണിക്കണം, പ്രത്യേക പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണം

Update: 2022-09-10 04:56 GMT
Advertising

കൊച്ചി: സംസ്ഥാനത്ത് വിചാരണ തടവുകാരുടെ എണ്ണം കൂടുന്നതായി ഹൈക്കോടതി. 2020ൽ ജയിലിലുള്ളവരിൽ 59 ശതമാനം വിചാരണ തടവുകാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എണ്ണം കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങളും പുറപ്പെടുവിച്ചു. തടവിലാക്കിയ കാലം കണക്കാക്കി വിചാരണ ആരംഭിക്കണമെന്ന് കോടതി നിർദേശിച്ചു.

വിചാരണ നീളുന്നതിന് കാരണം പ്രതികളല്ലെങ്കിൽ ജാമ്യം നൽകുന്നത് പരി​ഗണിക്കണം,വിഷയം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഗൗരവതരമായി പരിഗണിക്കണം, വിചാരണ തടവുകാരുടെ പുനരധിവാസത്തിനടക്കം നടപടി സ്വീകരിക്കണം എന്നിങ്ങനെയും നിർദേശങ്ങളുണ്ട്.

പ്രത്യേക പുനരധിവാസ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണം, സാമ്പത്തികമില്ലാത്ത തടവുകാര്‍ക്ക് അപ്പീലിന് കാലതാമസമുണ്ടാകുന്നത് പരിഹരിക്കണം, തടവുകാരെ സഹായിക്കാന്‍ ജയില്‍ അധികൃതരെ ബോധവാന്മാരാക്കണം എന്നും കോടതി നിര്‍ദേശിച്ചു.

വിചാരണ തടവ് സംബന്ധിച്ച് നേരത്തെ സുപ്രിംകോടതിയും സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. വര്‍ഷങ്ങളായി ജയിലിലുള്ള വിചാരണ തടവുകാരെ മോചിപ്പിക്കണമെന്നും ഇതിന് മാര്‍​ഗരേഖ തയാറാക്കണമെന്നും ​ആ​ഗസ്റ്റ് ആറിന് സുപ്രിംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു.

രാജ്യത്തെ ജയിലുകളിലെയും വിചാരണ കോടതികളിലെയും തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള ഏറ്റവും വിശിഷ്ടമായ മാര്‍​ഗമെന്നും സുപ്രിംകോടതി പറഞ്ഞിരുന്നു.

പത്ത് വര്‍ഷത്തിലധികം വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതാണ് ഉചിതമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഇത്തരം വിചാരണ തടവുകാര്‍ നിരപരാധികളാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ അവര്‍ക്ക് ജീവിതം തിരിച്ച് കിട്ടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിചാരണ തടവുകാരെയും ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെയും മോചിപ്പിക്കാനുള്ള നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ജയിലുകളില്‍ നല്ല സ്വഭാവം പ്രകടിപ്പിക്കുന്നവരെ ഉള്‍പ്പടെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി ​ആ​ഗസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News