അടിമാലിയിൽ ശിവരാത്രി ആഘോഷത്തിനിടെ ആദിവാസി യുവാവിന് മർദനം; കേസെടുക്കാനാവില്ലെന്ന് പൊലീസ്
ജസ്റ്റിൻ എന്നയാളാണ് യുവാവിനെ മർദിച്ചത്
ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ചവർക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം. അടിമാലി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിനിടെയായിരുന്നു മർദനം. പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മാമലക്കണ്ടം സ്വദേശിയായ ബിനീഷിന് മർദനമേറ്റത്. മന്നാംകാല സ്വദേശി ജസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു മർദനം.
ക്ഷേത്രത്തിന് പുറത്ത് വെച്ചാണ് ജസ്റ്റിൻ എന്നയാൾ ആദിവാസി യുവാവിനെ മർദിക്കുന്നത്. തുടർന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ആദിവാസി യുവാവ് ക്ഷേത്ര പരിസരത്തേക്ക് കടന്നത്. ഉത്സവപറമ്പിലെത്തിയ ശേഷവും ആദിവാസി യുവാവിനെ മർദിച്ചിരുന്നു. എന്നാൽ ക്ഷേത്രഭാരവാഹികൾ ഇടപെട്ട് ആദിവാസി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കേസെടുക്കാത്തതിൽ ദലിത് ആക്ടിവിസ്റ്റ് ധന്യാരാമൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ ജസ്റ്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബനീഷിനെ മർദിച്ചതിൽ പൊലീസ് കേസെടുത്തില്ല. എന്നാൽ ഇതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.
ഇന്നലെയാണ് ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പ്രദേശവാസികളായ ജസ്റ്റിൻ, സജീവൻ , സഞ്ജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി യുവാവിനെ മർദിച്ച കേസിൽ ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ജസ്റ്റിന് രാഷ്ട്രീയ പിന്തുണയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
യുവാവിനെ മർദിച്ച സംഭവത്തിൽ എസ്.സി.എസ്.ടി കമ്മീഷൻ കേസെടുത്തിട്ടുണ്ട്. ഏഴു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും അടിമാലി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർക്കും കമ്മീഷൻ നിർദേശം നൽകി.