ലോക്ക്ഡൌണ്‍ കാരണം ഒരു മാസമായി ജോലിയില്ല; ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയില്‍
ജൂലായ് 31 അർധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു. ജൂലായ് 31 അർധരാത്രി വരെയാണ് ട്രോളിംഗ് നിരോധനം. കോവിഡ് പ്രതിസന്ധിക്കിടെ ട്രോളിംഗ് നിരോധനം കൂടി വന്നതോടെ കൂടുതൽ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
ലോക്ക് ഡൗൺ കാരണം ഒരു മാസമായി ജോലിയില്ലാതെ ദുരിതത്തിലായിരുന്നു മത്സ്യതൊഴിലാളികൾ. അതിന് മുമ്പ് 3 മാസം കടലിൽ മത്സ്യലഭ്യത തീരെകുറവും. ട്രോളിങ് നിരോധന കാലത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിരോധനത്തിന് മുമ്പുള്ള ഒരു മാസത്തെ വരുമാനം കൊണ്ടാണ് ഇത് ചെയ്യാറ്. എന്നാൽ, നാല് മാസമായി വരുമാനം ഇല്ലാത്തതിനാൽ പണികൾ ചെയ്യാൻ കഴിയുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വായ്പാ തിരിച്ചടവുകൾ പോലും മുടങ്ങിയ നിലയിലാണെന്നും തൊഴിലാളികൾ പറയുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ലോക്ക്ഡൗൺ ദുരിതത്തിലും ഇന്ധന വിലവർദ്ധനവിലും ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ.