സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
ജവാദ് ചുഴലിക്കാറ്റിൻറെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിൻറെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ അതിതീവ്രന്യൂനമർദമായി മാറും. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്.
അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം ഒഡീഷയിലെ പുരിയിൽ കര തൊടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും മണിക്കൂറുകളിൽ വടക്കൻ ആന്ധ്ര തീരങ്ങളിൽ മഴ ശക്തമാകും. ജവാദ് ദുർബലമായി തീവ്ര ന്യൂനമർദമായേ കര തൊടൂവെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ അറിയിച്ചത്. ശക്തമായ മഴയെ തുടർന്ന് ആന്ധ്ര-ഒഡീഷ തീരങ്ങളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.