പ്രതിഭയുടെ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു

എംഎല്‍എ ആലപ്പുഴ എസ്പിക്ക് പരാതി നൽകി

Update: 2021-04-21 06:29 GMT
Advertising

യു പ്രതിഭ എംഎൽഎയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു. എംഎൽഎയുടെ പരാതിയെ തുടർന്നാണ് പേജ് ബ്ലോക്ക് ചെയ്തത്. തന്റെ ഫേസ് ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു പ്രതിഭ ആലപ്പുഴ എസ്പിക്ക് പരാതി നൽകി.

ഇന്നലെ രാത്രിയാണ് 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന പഴഞ്ചൊല്ല് പ്രതിഭയുടെ ഫേസ്ബുക്ക് പേജിൽ ആദ്യമെത്തിയത്. ഞൊടിയിടയിൽ ആരാണ് പൊട്ടനെന്നും ചട്ടനെന്നുമുള്ള ചോദ്യങ്ങൾ കമന്റ് ബോക്‌സിൽ നിറഞ്ഞു. മന്ത്രി ജി സുധാകരനെ ലക്ഷ്യമിട്ടുള്ളതെന്നാണ് കൂടുതൽ ആളുകളും അഭിപ്രായപ്പെട്ടത്. സുധാകരനെതിരായ പൊലീസിലെ പരാതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കമന്‍റുക‌ൾ. മറ്റു ചിലർ കെ ടി ജലീലിന്‍റെ രാജിയിലേക്ക് വിരൽചൂണ്ടി. കമന്‍റുകൾ വിവാദങ്ങളിലേക്ക് നീങ്ങിയപ്പോൾ ഈ പോസ്റ്റ് അപ്രത്യക്ഷമായി.

തന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്നും ദുർവ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനയുമായി അടുത്ത പോസ്റ്റ് തൊട്ടുപിന്നാലെയെത്തി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ വിശദീകരണ പോസ്റ്റും പിൻവലിക്കപ്പെട്ടു. ഇതോടെ സമൂഹമാധ്യമങ്ങളിലെ ചർച്ചക്ക് ചൂടേറി. ആലപ്പുഴ സിപിഎമ്മിൽ സമീപകാലത്ത് ഉയർന്ന വിഭാഗീയതയും വിവാദങ്ങളുമാണ് പോസ്റ്റുകൾക്ക് പിന്നിലെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ എംഎല്‍എ പറയുന്നത് ഫേസ് ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്നാണ്. പരാതിയും നല്‍കിയിട്ടുണ്ട്.

Tags:    

Editor - സിതാര ശ്രീലയം

contributor

Similar News