പുതുപ്പള്ളിയിൽ വികസനം ചർച്ചചെയ്യാൻ വെല്ലുവിളിച്ച് യു.ഡി.എഫ്; പ്രചാരണം ശക്തമാക്കി ചാണ്ടി ഉമ്മന്‍
വികസനവും കരുതലും എന്ന മോഡല്‍ വെറുതെയുണ്ടായതല്ലെന്നും പുതുപ്പള്ളിയില്‍നിന്നാണ് ആ മോഡല്‍ കേരളത്തിലേക്ക് വ്യാപിച്ചതെന്നും ചാണ്ടി ഉമ്മന്‍
കോട്ടയം: പുതുപ്പള്ളിയിൽ വികസനം ചർച്ചചെയ്യാൻ തയാറാണെന്ന് യു.ഡി.എഫ്. വികസനപ്രവർത്തനങ്ങൾ ഉയർത്തി ചർച്ചയ്ക്ക് ഇടതുപക്ഷം തയാറുണ്ടോയെന്ന് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും ചാണ്ടി ഉമ്മൻ മീഡിയവണിനോട് പറഞ്ഞു.
പ്രാചാരണം മുന്നോട്ടുനീങ്ങുമ്പോൾ രാഷ്ട്രീയപ്പോരും കനക്കുകയാണ്. കൊണ്ടും കൊടുത്തും പോകുന്ന അങ്കത്തട്ടിൽ ഏതു വിഷയവും ചർച്ച ചെയ്യാമെന്ന ഭാവത്തിലാണ് യു.ഡി.എഫ് പ്രചാരണം. വ്യക്തിയധിക്ഷേപത്തിനില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാദത്തിനും ചാണ്ടി ഉമ്മന്‍ മറുപടി നല്‍കി.
വികസനവും കരുതലും എന്ന മോഡല്‍ വെറുതെയുണ്ടായതല്ലതെന്ന് ചാണ്ടി പറഞ്ഞു. പുതുപ്പള്ളിയില്‍നിന്നാണ് ആ മോഡല്‍ കേരളത്തിലേക്ക് വ്യാപിച്ചത്. കേരളം കണ്ട ഏറ്റവും മികച്ച വികസന മോഡലായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം ഇതോടൊപ്പം സാധാരണക്കാരനു കരുതലുമായി ജനസമ്പര്‍ക്ക പരിപാടി. ഇതൊന്നും വെറുതെയുണ്ടായതല്ല. സര്‍ക്കാരിന്‍റെ വിലയിരുത്തലൊന്നു നോക്കാം. ക്ഷേമപെന്‍ഷന്‍ മുടങ്ങി, സപ്ലൈക്കോയില്‍ സാധനങ്ങളില്ല, വിലക്കയറ്റം, പെട്രോള്‍-ഡീസല്‍ വില വര്‍ധനയില്‍ സര്‍ക്കാര്‍ എന്തു ചെയ്തു.. ഈ ചോദ്യങ്ങളെല്ലാം പ്രസക്തമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
കോൺഗ്രസ് ഉയർത്തുന്ന രാഷ്ട്രീയത്തെ നേരിടാനാകാത്തതുകൊണ്ടാണ് മറ്റ് വിവാദങ്ങൾ പറയുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തുന്നത് രാഷ്ട്രീയമാണെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു
യു.ഡി.എഫ് ബൂത്ത് കേന്ദ്രീകരിച്ചാ പ്രചാരണം തുടരുന്നത്. നാളെ നടക്കുന്ന കൺവെൻഷനുമുൻപ് ആദ്യഘട്ട ബൂത്തുതല പ്രചാരണം പൂർത്തിയാക്കും.
Summary: UDF challenges LDF to discuss development in Puthuppally bypoll as Chandy Oommen gear up the election campaign