തടവിലായത് അറിയാതെ, മോചനം കാണാനാവാതെ ആ ഉമ്മ യാത്രയായി...

യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ മാതാവ് കദിജ കുട്ടി അന്തരിച്ചു

Update: 2021-07-17 19:00 GMT
Advertising

യു.പി മഥുര ജയിലിലെ ഇരുമ്പഴിക്കുള്ളില്‍ നീണ്ട ഒമ്പത് മാസം തുടരുന്ന തടവില്‍ നിന്നും പുറത്തിറങ്ങി സിദ്ദീഖ് കാപ്പന് ഇനി തന്‍റെ പ്രിയപ്പെട്ട മാതാവിനെ കാണാന്‍ സാധിക്കില്ല. ഹഥ്റാസിലെ ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പോകവെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. യു.എ.പി.എ വകുപ്പുകൾ പ്രകാരമാണ് കാപ്പനടക്കം മൂന്ന് പേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

'എന്‍റെ ബാവാനെ ഒന്ന് കാണാൻ പറ്റ്വോ......അവനോടൊന്ന് വരാൻ പറയീ', എന്നാണ് മകനെ കാണാന്‍ കഴിയാതെ വീട്ടില്‍ കഴിയുന്നതിനിടെ കാപ്പന്‍റെ മാതാവ് ആദ്യം പറഞ്ഞിരുന്നത്. കദീജക്കുട്ടിയുടെ ഏഴ് മക്കളിൽ ഏറ്റവും ചെറിയ മകനാണ് സിദ്ദീഖ്കാപ്പന്‍. മക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവനും സിദ്ദീഖ് എന്ന ബാവയെ ആയിരുന്നു.

നീണ്ട ഒമ്പത് മാസത്തെ തടവറ ജീവിതത്തിനിടെ ഒരു തവണ മാത്രമാണ് സിദ്ദീഖ് കാപ്പന് മാതാവിനെ കാണാന്‍ അനുവാദം ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അഞ്ച് ദിവസത്തെ ആ കൂടിക്കാഴ്ച്ച ഹൃദയം തൊടുന്നതായിരുന്നു. കാപ്പന് തന്‍റെ രോഗകിടക്കയില്‍ കഴിയുന്ന മാതാവിലേക്ക് അടുക്കാന്‍ സഹിച്ച പ്രയാസങ്ങള്‍ ഭാര്യ റൈഹാന സിദ്ദീഖ് തുടര്‍ച്ചകളായി തന്നെ തന്‍റെ ഫേസ്ബുക്കിലും പുറത്തും അറിയിക്കുന്നുണ്ടായിരുന്നു. മാസങ്ങള്‍ നീണ്ട ദുരിതവും പ്രയാസവും നീന്തി കടന്ന് ഭാര്യ റൈഹാനയും കാപ്പന്‍റെ മാധ്യമ സഹപ്രവര്‍ത്തകരും സംഘടനയും നടത്തിയ ശ്രമഫലങ്ങളുടെ അവസാനമാണ് ഫെബ്രുവരി 15ന് കോടതി അനുവദിച്ച ആ അഞ്ച് ദിവസത്തെ കൂടിചേരല്‍. മാതാവല്ലാതെ മറ്റാരെയും കാണരുത്, മാധ്യമങ്ങളുമായി സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയായിരുന്നു സിദ്ദീഖ് കാപ്പന് അന്ന് കോടതി ജാമ്യം അനുവദിച്ചത്. 


ആ ദിനം റൈഹാന സിദ്ദീഖ് ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്....

'പ്രിയരേ, സിദ്ധിക്ക ഉമ്മയെയും കുടുബത്തെയും കാണാൻ വന്നു. ദൈവത്തിനു സ്തുതി. ഉമ്മാക്ക് മകൻ അരികിലെത്തി എന്ന് തിരിച്ചറിഞ്ഞു..

മൂന്ന് ദിവസം കൊണ്ട് ഉമ്മയിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. പക്ഷെ ജോലിക്ക് പോവുകയാണ്.. രണ്ടു ദിവസം കൊണ്ട് വരാമെന്നും പറഞ്ഞു ഇക്ക പോയത്.

താത്കാലികമായെങ്കിലും അദ്ദേഹത്തെ കാണാൻ ഞങ്ങൾക്ക് സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

രോഗിയായ ഉമ്മയുടെ ആവശ്യം സ്വീകരിച്ച സുപ്രീം കോടതിയോടും അതിനായി പരിശ്രമിച്ച കെ.യു.ഡബ്ല്യൂ.ജെ യൂണിയനോടും, അഡ്വക്കേറ്റിനോടും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു.

അടുത്ത ഹിയറിങ് അടുത്ത മാസം 2ന് ആണ്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം... സത്യം ജയിക്കാൻ'


ഫെബ്രുവരി 17ന് വീട്ടിലെത്തിയ കാപ്പൻ ഉമ്മയെ കണ്ട് അഞ്ച് ദിവസത്തിനു ശേഷം 22ന് വൈകീട്ട് നാലരക്കാണ് മലപ്പുറം വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിൽ നിന്നും മടങ്ങിയത്. തൊണ്ണൂറ് വയസ്സുള്ള ഉമ്മക്ക് മകന്‍ തടവറയിലുള്ള കാര്യം അറിയുമായിരുന്നില്ല. രോഗകിടക്കയിലുള്ള മാതാവിനെ അക്കാര്യം അറിയിക്കാതിരിക്കാന്‍ കാപ്പന്‍റെ ഭാര്യ റൈഹാനത്തും ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. കോഴിക്കോട്ടെ ജോലി സ്ഥലത്തേക്കു പോവുകയാണെന്നും രണ്ട് ദിവസം കഴിഞ്ഞു വരാമെന്നുമാണ് കാപ്പന്‍റെ തിരിച്ചുപോക്കിനെ കുറിച്ച് മാതാവിനെ അറിയിച്ചത്. ദിവസങ്ങള്‍ നീണ്ട ഉമ്മയുടെ രോഗത്തിന്‍റെ കാഠിന്യം എളുപ്പമാക്കിയ അനുഭവമായിരുന്നു തന്‍റെ പ്രിയപ്പെട്ട മകന്‍റെ സന്ദര്‍ശനമെന്നാണ് ഭാര്യ റൈഹാനത്ത് പിന്നീട് ഓര്‍ത്തെടുത്തത്. മകന്‍റെ തിരിച്ചുപോക്ക് മാതാവിന്‍റെ ആരോഗ്യത്തിലും പ്രതിഫലിച്ചു. രോഗം കഠിനമായി മിണ്ടാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലേക്ക് തിരികെ പോയി. പിന്നെ നീണ്ട കാലം രോഗാവസ്ഥയോട് പൊരുതി ജീവിക്കുകയായിരുന്നു കദീജക്കുട്ടി. 

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് വൈകിട്ട് വേങ്ങര പൂച്ചോലമാട്ടിലെ മകന്‍റെ വീട്ടില്‍ വെച്ചാണ് സിദ്ദീഖ് കാപ്പന്‍റെ മാതാവ് മരണപ്പെടുന്നത്. ഖബറടക്കം ഇന്ന് രാത്രി ഒമ്പതിന് പൂച്ചോലമാട് ജുമാ മസ്ജിദില്‍. സിദ്ദീഖ് കാപ്പനെ കൂടാതെ ആയിശ, ഫാത്തിമ, ഹംസ, മറിയുമ്മ, കതിയുമ്മ, അസ്മാബി എന്നീ മക്കളും കദീജക്കുട്ടിക്കുണ്ട്.

കാപ്പൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ കാരണമായ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്ന പ്രധാന വകുപ്പ് കഴിഞ്ഞ ദിവസം മഥുര കോടതി അസാധുവാക്കിയിരുന്നു. എന്നാൽ ഇവർക്കെതിരെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല. കാപ്പന്‍റെ ജാമ്യാപേക്ഷ 22നു കോടതി പരിഗണിക്കിക്കാനിരിക്കെയാണ് മാതാവിന്‍റെ അപ്രതീക്ഷിത വിയോഗം.

Tags:    

Editor - ijas

contributor

By - ഇജാസുല്‍ ഹഖ്

contributor

Similar News