ഗർഭസ്ഥ ശിശു മരിച്ച സംഭവം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി
തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥശിശുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മോർച്ചറിക്ക് മുമ്പിൽ ശവപ്പെട്ടിയുമായി കുടുംബം പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്താൻ തയ്യാറായത്.കഴക്കൂട്ടം സ്വദേശിയായ ലിബു - പവിത്ര ദമ്പതികളുടെ എട്ടര മാസം പ്രായമായ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.
കഴിഞ്ഞ പതിനേഴാം തീയതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിയതാണ് ലിബുവും ഭാര്യ പവിത്രയും. മരിച്ച എട്ടര മാസം പ്രായമായ പവിത്രയുടെ ഗർഭസ്ഥ ശിശുവിൻറെ മൃതദേഹം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. നാലുദിവസമായിട്ടും പോസ്റ്റ്മോർട്ടം നടത്താത്തതിനെ തുടർന്ന് ലിബുവും കുടുംബവും മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുമ്പിൽ ശവപ്പെട്ടിയുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.പതോളജിക്കൽ എക്സാമിനേഷൻ ലാബിലായിരുന്നു ഗർഭസ്ഥ ശിശുവിന്റെ ഒട്ടോപ്സി. കുടുംബത്തിൻറെ പരാതിയിൽ കേസെടുത്ത മെഡിക്കൽ കോളേജ് പോലീസ് തുടരന്വേഷണത്തിനായി തമ്പാനൂർ പൊലീസിലേക്ക് അന്വേഷണം കൈമാറി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.