20 കോടിയിൽ തീരുമാനമായില്ല; കെ.എസ്.ആർ.ടി.സിയിൽ ശമ്പള കാര്യത്തിലെ അനിശ്ചിതത്വം തുടരുന്നു
82 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള കാര്യത്തിലെ അനിശ്ചിതത്വം തുടരുന്നു. 20 കോടി രൂപ കൂടി അനുവദിക്കുന്ന കാര്യം ധനവകുപ്പ് പരിഗണിച്ചതു പോലുമില്ല. ബുധനാഴ്ചയ്ക്കകം ശമ്പളം വിതരണം ചെയ്യുമെന്നാണ് മാനേജ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചത്.
82 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ടത്. സര്‍ക്കാര്‍ സഹായമായി ലഭിക്കുന്ന 50 കോടി രൂപയില്‍ അനുവദിച്ചത് 30 കോടി മാത്രമാണ്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തൃപുരയിലെ ഇലക്ഷന്‍ പ്രചരണത്തിലാണ്. പണമനുവദിക്കുന്ന കാര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പങ്കുവച്ച വിവരം.
കഴിഞ്ഞ മാസവും വരുമാനം 220 കോടി പിന്നിട്ടിരുന്നു. പക്ഷേ ചെലവ് 324 കോടിയാണ്. എസ്.ബി.ഐയെ സമീപിച്ചെങ്കിലും വായ്പ നല്‍കാന്‍ തയാറായില്ല. കെ.എസ്.ആർ.ടി.സിയുടെ പക്കല്‍ നീക്കിയിരിപ്പായി ആകെയുള്ളത് ഏഴു കോടി രൂപയാണ്.
ജീവനക്കാരുടെ സഹകരണ സൊസൈറ്റിയില്‍ നിന്ന് വായ്പ എടുക്കുന്ന കാര്യവും മാനേജ്മെന്‍റ് ആലോചിക്കുന്നുണ്ട്. ഈ മാസം 27ന് ശേഷമേ സര്‍ക്കാരിന് പണമനുവദിക്കാന്‍ കഴിയൂ എന്നാണ് വിവരം.