ഏക സിവിൽ കോഡിനെതിരായ സി.പി.എം സെമിനാര്‍: പങ്കെടുക്കണോയെന്ന് ലീഗ് ഇന്ന് തീരുമാനിക്കും
സി.പി.എമ്മിന്റെ ക്ഷണം സംബന്ധിച്ച് ലീഗിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
മലപ്പുറം: ഏക സിവിൽ കോഡ് വിഷയത്തിലെ സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ മുസ്‍ലിം ലീഗ് ഇന്ന് തീരുമാനമെടുക്കും. രാവിലെ ഒൻപതരക്ക് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് യോഗം. സി.പി.എമ്മിന്റെ ക്ഷണം സംബന്ധിച്ച് ലീഗിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
കോൺഗ്രസിനെ ഒഴിവാക്കിയാണ് സി.പി.എം ഏക സിവിൽ കോഡിന് എതിരായ സെമിനാറിന് ലീഗിനെ ക്ഷണിച്ചത്. സി.പി.എം രാഷ്ട്രീയ ലാഭത്തിനാണ് ശ്രമിക്കുന്നതെന്നും അതിനാൽ സി.പി.എമ്മിന്റെ ക്ഷണം സ്വീകരിക്കേണ്ടതില്ലെന്നുമാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാൽ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് സി.പി.എമ്മുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് മറ്റൊരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്.
ലീഗ് നേതാക്കൾ സി.പി.എം സെമിനാറിൽ പങ്കെടുത്താൽ അത് ലീഗിനകത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കും. കൂടാതെ കോൺഗ്രസും ലീഗും തമ്മിലെ അഭിപ്രായ ഭിന്നതകൾക്കും കാരണമാകും. മുന്നണി ബന്ധം, ലീഗിലെ ആഭ്യന്തര പ്രശ്നങ്ങൾ എന്നിവയിൽ ഊന്നിയായിരിക്കും തീരുമാനം എടുക്കുക. സി.പി.എമ്മിനെ തള്ളിപ്പറയാതെ സെമിനാറിൽ നിന്നും വിട്ടുനിൽക്കുക എന്ന നിലപാട് സ്വീകരിക്കാമെന്ന അഭിപ്രായമുള്ള നേതാക്കളും ഉണ്ട്.