അശാസ്ത്രീയ നിർമാണം; രണ്ട് ദിവസം മുൻപ് കോൺക്രീറ്റ് ചെയ്ത ഡ്രൈനേജിന്റെ ഭിത്തി ഇടിഞ്ഞു വീണു
കമ്പി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാതെ നടത്തിയ അശാസ്ത്രീയ നിർമ്മാണമാണ് ഡ്രൈനേജ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്
കോഴിക്കോട്: മുക്കത്ത് രണ്ട് ദിവസം മുമ്പ് കോൺക്രീറ്റ് ചെയ്ത ഡ്രൈനേജിന്റെ ഭിത്തി ഇടിഞ്ഞു വീണു. അശാസ്ത്രീയ നിർമാണമാണ് ഭിത്തിയിടിയാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. മുക്കം നഗരസഭയിലെ കുറ്റിപ്പാല - ചേന്ദമംഗല്ലൂർ റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി രണ്ട് ദിവസം മുമ്പാണ് ഡ്രൈനേജ് നിർമിച്ചത്. കോൺക്രീറ്റ് ചെയ്ത ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു.
തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫിൻറെ ഫണ്ടിൽ നിന്നള്ള രണ്ടരക്കോടി രൂപയും ,മുക്കം നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 38 ലക്ഷം രൂപയും ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.
കമ്പി ഉൾപ്പെടെയുള്ളവ ഉപയോഗിക്കാതെ നടത്തിയ അശാസ്ത്രീയ നിർമ്മാണമാണ് ഡ്രൈനേജ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നത്. നിലവിൽ ചെയ്ത പ്രവർത്തിയുടെ ഗുണനിലവാരം പരിശോധിച്ചതിനുശേഷം മാത്രം മതി തുടർന്നുള്ള നിർമാണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.