'പാലക്കാട്ട് 2019 ആവർത്തിക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് വി.കെ ശ്രീകണ്ഠൻ മീഡിയവൺ ദേശീയപാതയിൽ
കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും ഒരു പ്രസക്തിയുമില്ലെന്ന് ജനങ്ങൾ മനസ്സിലാക്കിയതാണെന്നും യു.ഡി.എഫ് സ്ഥാനാർഥി
പാലക്കാട്: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ 2019 തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ എം.പിയുമായ വി.കെ ശ്രീകണ്ഠൻ. മീഡിയവൺ 'ദേശീയപാത'യിൽ എഡിറ്റർ പ്രമോദ് രാമനോട് സംസാരിക്കവേയാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 2019ലെ വിജയം പ്രതീക്ഷിതമായിരുന്നുവെന്നും 2019ൽ മത്സരിക്കുമ്പോഴും തൊട്ടുമുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകളുടെ വ്യത്യാസമുണ്ടായിരുന്നുവെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
2014 തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് പരാജയപ്പെട്ടത് ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നുവെന്നും അത് മറികടന്ന് 2019ൽ 11,637 വോട്ടിന് താൻ വിജയിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും എൽഡിഎഫിനും ഒരു പ്രസക്തിയുമില്ലെന്ന് ജനങ്ങൾ മനസ്സിലാക്കിയതാണെന്നും ഫാസിസ്റ്റ് സർക്കാറിനെ താഴെയിറക്കാൻ പ്രവർത്തിക്കുന്ന ഇൻഡ്യ സഖ്യത്തിന് വിജയമുണ്ടാകുമെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു. അതിനൊപ്പം കേരളവും പാലക്കാടുമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ പ്രാവശ്യം പാലക്കാട് വന്ന പ്രസംഗിച്ചപ്പോൾ നരേന്ദ്ര മോദി പറഞ്ഞ വാഗ്ദാനങ്ങളിലൊന്ന് പോലും പാലിച്ചില്ലെന്നും മതേതര മനസ്സുള്ള പാലക്കാട് ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽനിന്ന് നേതാക്കൾ ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ചുള്ള സിപിഎം പരിഹാസത്തോടും അദ്ദേഹം പ്രതികരിച്ചു. ബംഗാൾ സിപിഎമ്മിൽ നിന്ന് പതിനായിരങ്ങൾ ബിജെപിയിലേക്ക് പോയെന്നും ത്രിപുരയിൽ സിപിഎം എന്നെഴുതിയ ബോർഡ് തന്നെ മാറ്റി ബിജെപി ബോർഡ് വെച്ചവരാണ് അവിടുത്തെ പാർട്ടി പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ഒരു ഭാഗം മാത്രമാണ് കാണുന്നതെന്നും നിരവധി നേതാക്കൾ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് വന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കേരളത്തിൽനിന്ന് ബിജെപിയിലേക്ക് പോയവരുടെ നിഴൽ പോലും പോയിട്ടില്ലെന്നും പറഞ്ഞു.