'ഫാ. റോയ് കണ്ണൻചിറയുടെ പ്രസ്താവന കണ്ടില്ല, തെളിവുണ്ടെങ്കിൽ നൽകട്ടെ': വി മുരളീധരൻ
ക്രിസ്ത്യൻ പെൺകുട്ടികളെ ഈഴവ യുവാക്കൾ വശീകരിക്കുന്നുവെന്ന ദീപിക ബാലസഖ്യം ഡയറക്ടർ ഫാദർ റോയ് കണ്ണന്‍ചിറയുടെ പ്രസ്താവന കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ക്രിസ്ത്യൻ പെൺകുട്ടികളെ ഈഴവ യുവാക്കൾ വശീകരിക്കുന്നുവെന്ന ദീപിക ബാലസഖ്യം ഡയറക്ടർ ഫാദർ റോയ് കണ്ണന്‍ചിറയുടെ പ്രസ്താവന കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. തെളിവുണ്ടെങ്കിൽ നിയമപരമായി പരാതി നൽകണം. പാല ബിഷപിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ യുവാക്കൾക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്നാണ് ഫാദർ റോയി കണ്ണൻചിറ വ്യക്തമാക്കിയത്. നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന ഉയർത്തിയ വിവാദങ്ങൾക്കിടെയാണ് പുതിയ ആരോപണങ്ങൾ.
പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കാൻ ഈഴവ യുവാക്കാൾക്ക് സ്ട്രാറ്റജിക് ആയ പരിശീലനം ലഭിക്കുന്നുവെന്നും അത് തടയാൻ സഭയ്ക്കാകുന്നില്ലെന്നുമാണ് വൈദികൻ പറയുന്നത്. ഒരു മാസത്തിനുള്ളിൽ കോട്ടയത്തിന് അടുത്തുള്ള ഇടവകയിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ ഇത്തരത്തിൽ കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു. വെബ് പോര്‍ട്ടലായ ട്രൂ കോപ്പി തിങ്ക് ആണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
'കോട്ടയത്തിന് അടുത്തുള്ള സീറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. സ്ട്രാറ്റജിക് ആയി അതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മൾ ജാഗ്രതയില്ലാത്തവരാണ്. അതാണ് നമ്മൾ നേരിടുന്ന വലിയ ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോകുവാൻ ശത്രുക്കൾ പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും സഭയുടെ എതിർപക്ഷത്തു നിൽക്കുന്നവർ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താനും മാതാപിതാക്കളോട് ചേർത്തുനിർത്തിക്കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഇതിനു വേണ്ടി മാത്രം ജീവിതം സമർപ്പിച്ചിരിക്കുന്ന മതാധ്യാപകർക്ക്, സമർപ്പിതർക്ക്, വൈദികർക്ക് കഴിയുന്നില്ല എന്നുള്ളത് വർത്തമാന കാല കത്തോലിക്കാ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.' - എന്നാണ് വൈദികന്റെ പ്രസംഗം.