'പ്രതിയെ പിടികൂടാത്തതിൽ പരാതിക്കാരിക്ക് ആക്ഷേപമില്ല': പാറ്റൂർ ലൈംഗികാതിക്രമക്കേസിൽ വി.ശിവൻകുട്ടി
പാറ്റൂർ അതിക്രമത്തിൽ പൊലീസ് സമീപനം ദൗർഭാഗ്യകരമെന്നാണ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്
തിരുവനന്തപുരം: പാറ്റൂർ ലൈംഗികാതിക്രമക്കേസിൽ പൊലീസിനെ ന്യായീകരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പ്രതിയെ പിടികൂടാത്തതിൽ പരാതിക്കാരിക്ക് ആക്ഷേപമില്ലെന്നും സാധ്യമായ മുഴുവൻ കാര്യങ്ങളും സർക്കാരും പൊലീസ് ചെയ്യുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
"പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ഇരയായ സ്ത്രീക്ക് ആക്ഷേപമില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാരും പൊലീസും ചെയ്യുന്നുണ്ട്,ഉന്നത പൊലീസ് സംഘത്തെയും നിയോഗിച്ചു. ആഭ്യന്തര വകുപ്പ് പരാജയം എന്നത് തെറ്റായ പ്രചരണമാണ്. എല്ലാ വിഷയങ്ങളെയും രാഷ്ട്രീയവത്കരിക്കാനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമം. കലാപമുണ്ടാക്കുകയാണ് ലക്ഷ്യം". മന്ത്രി പറഞ്ഞു.
അതേസമയം, പാറ്റൂർ അതിക്രമത്തിൽ പൊലീസ് സമീപനം നിർഭാഗ്യകരമെന്നാണ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതും ആവർത്തിക്കപ്പെടാതിരിക്കേണ്ടതുമായ സംഭവമാണുണ്ടായതെന്നും പ്രതി ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല. രാത്രി വീട്ടിൽനിന്ന് മരുന്നു വാങ്ങാൻ പോയ സ്ത്രീയെ ആണ് ബൈക്കിൽ എത്തിയ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. അക്രമം നടന്ന തിങ്കളാഴ്ച അപ്പോൾ തന്നെ തൊട്ടടുത്തുള്ള പേട്ട പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ വ്യാഴാഴ്ച ആക്രമിക്കപ്പെട്ട സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിനു ശേഷമാണ് പൊലീസ് വീട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തത്.
സ്ത്രീയെ തടഞ്ഞു നിർത്തി ആക്രമിച്ച മൂലവിളാകത്തും പരിസര പ്രദേശങ്ങളിലും പൊലീസ് ഇന്നലെയും പരിശോധന നടത്തിയിരുന്നു. ഇവിടങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും പ്രതിയോടിച്ച ബൈക്ക് ഏതാണെന്നോ നമ്പറോ മനസ്സിലാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
യുവതിയുടെ സഹായത്തോടെ രേഖാ ചിത്രം തയ്യാറാക്കുന്നതുംപൊലീസ് ആലോചിച്ചു വരികയാണ്. പൊലീസ് വീഴ്ചയിൽ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാത്തത് പൊലീസിന് കൂടുതൽ തലവേദനയാകുന്നുണ്ട്.
തലസ്ഥാന ജില്ലയിൽ സ്ത്രീകൾക്കെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ തടയാൻ പൊലീസിന് ആകുന്നില്ലെന്ന വിമർശനവും ശക്തമാണ്.