'ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സമരങ്ങൾ നടത്തുന്നത്'; വിശദീകരണവുമായി വി. ശിവന്‍കുട്ടി
സമരമെന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെയാണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന പ്രതികരണത്തിനു പിന്നാലെ വിശദീകരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. ശിക്ഷ നേരിടേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് സമരങ്ങൾ നടത്തുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതുകൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരുമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,
ബഹുമാനപെട്ട സുപ്രീം കോടതിയുടെ വിധി പൂർണമായി അംഗീകരിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജീവിതം നിരന്തരസമരം ആണ്. ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങൾ. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ എത്രയോ സമരങ്ങൾ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങൾ നടത്തുന്നത്. ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോൾ സംഘർഷങ്ങൾ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടൽ ഉണ്ടായെന്ന് വരും. കോടതി വിധി പൂർണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും.
നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു.
അതേസമയം, വിധി അംഗീകരിക്കുന്നുവെന്നും നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. പ്രതിഷേധം രാഷ്ട്രീയ അവകാശ പോരാട്ടമായിരുന്നു. സംഭവിച്ചതില്‍ കുറ്റബോധമില്ല, മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.