'അപ്പോൾ ഉള്ളിക്കറി തിന്നാലോ'; സംഘ്പരിവാറിനെ ട്രോളി വി. ശിവൻകുട്ടി
ബിരിയാണി വന്ധ്യതക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ തമിഴ്‌നാട്ടിൽ നടത്തുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം: ബിരിയാണി തിന്നാൽ കുട്ടികളുണ്ടാവില്ലെന്ന സംഘ്പരിവാർ പ്രചാരണത്തെ പരിഹസിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച വാർത്തക്കൊപ്പം അപ്പോൾ ഉള്ളിക്കറി തിന്നാലോ എന്ന ചോദ്യമാണ് മന്ത്രി ഉയർത്തുന്നത്. ഇത്തരം പ്രചാരണത്തെ പ്രതിരോധിക്കാൻ ഇന്നുച്ചക്ക് കഴിക്കാൻ ബിരിയാണിയാവാം എന്നും തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ബീഫ് കഴിക്കുന്നുവെന്ന പേരിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ താൻ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയാണെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് സുരേന്ദ്രൻ അതിനെ പ്രതിരോധിച്ചത്. ഇത് പിന്നീട് വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. ഇതിനെക്കൂടി ഓർമിപ്പിച്ചാണ് ശിവൻകുട്ടിയുടെ ട്രോൾ.
ബിരിയാണി വന്ധ്യതക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ തമിഴ്‌നാട്ടിൽ നടത്തുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് ദീർഘമായ കുറിപ്പിട്ടുണ്ട്. ഹിന്ദുക്കൾ വന്ധ്യതാ കേന്ദ്രങ്ങളിൽ വരി നിൽക്കുന്നതു പോലെയാണ് ഈ കടകളിൽ നിൽക്കുന്നത് എന്ന് ഇയാൾ ആരോപിക്കുന്നു. ഹിന്ദുക്കളെ വന്ധ്യംകരിക്കുക മാത്രമാണ് ഈ കടകളുടെ ഏകലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെടുന്നു.