സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വാക്സിനേഷനുണ്ടാകില്ല
സംസ്ഥാനത്ത് ഈ മാസം 17നാണ് അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ എത്തിയത്
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. ഒരു ലക്ഷത്തില്‍ താഴെ ഡോസ് വാക്സിന്‍ മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വാക്സിനേഷനുണ്ടാകില്ല.
സംസ്ഥാനത്ത് ഈ മാസം 17നാണ് അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ എത്തിയത്. അന്ന് സ്റ്റോക്കുണ്ടായിരുന്നത് 11 ലക്ഷം വാക്സിനാണ്. അതിന് ശേഷം വാക്സിനെത്തിയിട്ടില്ല. ഈ പത്ത് ദിവസത്തിനിടെ രണ്ട് തവണ റെക്കോര്‍ഡ് വാക്സിനേഷന്‍ നടന്നു. ശനിയാഴ്ച നാലര ലക്ഷം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അവശേഷിച്ച ഡോസ് ഇന്നലെ തന്നെ പല ജില്ലകളിലും തീര്‍ന്നു. ഇന്ന് ഉള്ളത് ഒരു ലക്ഷത്തില്‍ താഴെ ഡോസ് വാക്സിന്‍ മാത്രമാണ്. സ്റ്റോക്കില്ലാത്തതിനാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് വാക്സിനേഷന്‍ മുടങ്ങുമെന്ന് ഉറപ്പായി. മറ്റ് ജില്ലകളിലും ഇന്ന് നല്‍കാനുള്ള ഡോസ് മാത്രമേ ഉള്ളൂ. എന്ന് വാക്സിന്‍ വരുമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലെ വാക്സിനേഷന്‍ പ്രതിസന്ധിയിലാണ്.
നേരത്തെ പത്ത് ലക്ഷം ഡോസ് വാക്സിന്‍ കേരളത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. നിലവില്‍ ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.