വടക്കഞ്ചേരി ബസപകടം: അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്ന് കെഎസ്ആർടിസി

ട്രാൻസ്‌പോർട്ട് കമ്മിഷണർ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി

Update: 2022-10-06 10:35 GMT
Advertising

കൊച്ചി: വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. അപകടത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കെഎസ്ആർടിസിയോട് റിപ്പോർട്ട് തേടി. കേസ് നാളെ വീണ്ടും പരിഗണിക്കും.

ട്രാൻസ്‌പോർട്ട് കമ്മിഷണർ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിർദേശം.  അപകടവുമായി ബന്ധപ്പെട്ട് രാവിലെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുകയും കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെങ്ങനെ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ചുള്ള ഹരജി ഇന്ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കേയാണ് കെഎസ്ആർടിസി ബസുകളുമായി ബന്ധപ്പെട്ട ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ മുന്നിലെത്തുന്നത്. ഇതനുസരിച്ച് നൽകിയ പ്രാഥമിക വിശദീകരണത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിക്കുകയായിരുന്നു.

വാഹനങ്ങളിൽ വേഗപ്പൂട്ട് സ്ഥാപിക്കണമെന്നും, നിരത്തുകളിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്നും അപകടം വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി നിർദേശം നൽകി. സീറ്റ് ബെൽറ്റും എയർബാഗും ഏതെങ്കിലും ബസുകളിലുണ്ടോ എന്ന് ചോദിച്ച ഹൈക്കോടതി ദേശീയ പാതകളിൽ സുരക്ഷ കർശനമായി ഉറപ്പു വരുത്തണമെന്നും കൂട്ടിച്ചേർത്തു. 

വേദനാജനകമായ കാര്യമാണ് വടക്കഞ്ചേരിയിൽ ഇന്നുണ്ടായിരിക്കുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ അടിയന്തരമായി സ്വീകരിക്കണം.വാഹനങ്ങളിൽ വേഗപ്പൂട്ട് കർശനമാക്കേണ്ടതുണ്ട്. നിരത്തുകളിൽ വഴി വിളക്കുകൾ സ്ഥാപിക്കുകയും അപകടം വരുത്തിവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ദേശീയ പാതകളിൽ സുരക്ഷ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. കോടതി പറഞ്ഞു.

സീറ്റ് ബെൽറ്റും എയർബാഗും ഏതെങ്കിലും ബസിലുണ്ടോ എന്ന് ചോദിച്ച ഹൈക്കോടതി സംസ്ഥാനത്ത് റോഡ് സുരക്ഷാ കമ്മിഷണറില്ലേയെന്നും ചോദിച്ചു.

Full View

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ തന്നെ വിധികൾ ഒന്നും തന്നെ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും ഇന്നുണ്ടായ തരത്തിൽ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News