വടക്കഞ്ചേരി ബസപകടം: അനുശോചിച്ച് പ്രധാനമന്ത്രി,നഷ്ടപരിഹാരം പ്രഖ്യാപിച്ചു
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചനം രേഖപ്പെടുത്തിയിരുന്നു
ന്യൂഡൽഹി: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ചുണ്ടായ അപകടത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്ക് ചേരുന്നതായി അറിയിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പരിക്കേറ്റവർക്ക് 50000 രൂപ ധനസഹായവും നൽകും.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു നേരത്തേ അനുശോചനമറിയിച്ചിരുന്നു. വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞതിൽ അഗാധ ദുഖമുണ്ടെന്നായിരുന്നു രാഷ്ട്രപതിയുടെ ട്വീറ്റ്.
ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ പിന്നിൽ ഇടിച്ചുകയറി ഒമ്പതുപേർ മരിച്ചത്. സ്‌കൂളിൽനിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി വിനോദയാത്ര പോവുകയായിരുന്നു ബസ്.
ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.