വന്ദനയുടെ കൊലപാതകം: ആരോഗ്യപ്രവർത്തകർക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
'സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സർക്കാർ ആലോചിച്ചിട്ടുണ്ട്'
തിരുവനന്തപുരം: ഡോ. വന്ദനാദാസിന്റെ കൊലപാതകം പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പരിശോധനകൾ ഉണ്ടാകും. അതുംകൂടി പരിഗണിച്ചാകും തുടർനടപടികൾ. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർക്ക് ആശങ്കവേണ്ടെന്നും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സർക്കാർ ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വന്ദനയുടെ കൊലപാതകം സർക്കാർ വിരുദ്ധ കാമ്പയിനാക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. തൊഴിൽ സുരക്ഷക്കായി നിയമനിർമാണം നടത്താനുള്ള ഒരുക്കത്തിലാണ് സർക്കാർ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നിയമ നിർമാണത്തിനായി പ്രതിപക്ഷം ഒന്നും ചെയ്തില്ല . സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ എതിർക്കാൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.