കേരളത്തിന് വന്ദേഭാരത് ട്രെയിന്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പി
ന്ദേഭാരത് വന്നതോടെ സിൽവർ ലൈനുള്ള സാധ്യത മങ്ങിയതും സർക്കാരിന് തിരിച്ചടിയാണ്
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുവദിച്ചത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ബി.ജെ.പി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായി വന്ദേഭാരത് ഉയർത്തിക്കാണിക്കാനാണ് നീക്കം. അതേസമയം, മറ്റ് സംസ്ഥാനങ്ങൾക്കെല്ലാം അനുവദിച്ചതിന് ശേഷം ഏറ്റവും ഒടുവിലാണ് കേരളത്തെ പരിഗണിച്ചതെന്ന വിമർശനമാണ് ഭരണപക്ഷം ഉന്നയിക്കുന്നത്. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനുള്ള സാധ്യത മങ്ങിയതും സർക്കാരിന് തിരിച്ചടിയാണ്.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകാതിരുന്നപ്പോൾ വന്ദേഭാരത് ട്രെയിൻ ഉയർത്തിക്കാട്ടിയായിരിന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുള്ളവരുടെ പ്രചരണം.എന്നാൽ റെയിൽവേ ബജറ്റിൽ പോലും വന്ദേഭാരത് പ്രഖ്യാപിക്കാതിരുന്നതോടെ ബി.ജെ.പി നേതാക്കൾ പഴയ പ്രചരണത്തിൽ നിന്ന് പിന്നാക്കം പോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വന്ദേഭാരത് അനുവദിച്ച് കൊണ്ടുള്ള അപ്രതീക്ഷിത നീക്കം കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. വന്ദേഭാരത് പ്രധാന തെരഞ്ഞെടുപ്പ് പ്രചണരണങ്ങളിൽ ഒന്നാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. കേരളത്തിന്റെ വികസനത്തിന്റെ വേഗം കൂട്ടുന്ന തീരുമാനമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറയുന്നത്.
എന്നാൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് അനുവദിച്ച ശേഷം കേരളത്തെ അവസാനമായിട്ടാണ് പരിഗണിച്ചതെന്ന പരാതിയാണ് ഭരണപക്ഷത്തിനുള്ളത്.മാത്രമല്ല കാസർഗോഡിനെ ഒഴിവാക്കിയതും പ്രചരണവിഷയമാക്കി ഉയർത്തും.വന്ദേഭാരത് വന്നതോടെ കെ റെയിലിന് കേന്ദ്രം അനുമതി നൽകാനുള്ള സാധ്യത വീണ്ടും മങ്ങി..ഇത് സംസ്ഥാനസർക്കാരിനെ സംബന്ധിച്ച് തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണ്.