വണ്ടിപ്പെരിയാർ കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണം: വി.എം സുധീരൻ
"വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷണിക്കണമെന്നത് യുക്തിസഹമായ ആവശ്യമാണ്, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണം"
വണ്ടിപ്പെരിയാർ കേസ് ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. സിബിഐ അന്വേഷിച്ചിട്ടും വാളയാർ കേസിൽ നീതി ഉറപ്പായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഡിജിപി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വാളയാർ കേസിൽ സിബിഐ അന്വേഷിച്ചിട്ടും നീതിപൂർവമായ സമീപനമുണ്ടായില്ല. വണ്ടിപ്പെരിയാർ കേസ് സിബിഐ അന്വേഷണിക്കണമെന്നത് യുക്തിസഹമായ ആവശ്യമാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടക്കുന്ന സാഹചര്യമുണ്ടാകണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണം". സുധീരൻ പറഞ്ഞു.
അതേസമയം സംസ്ഥാന അധ്യക്ഷ ജെബി മേത്ത എംപിയുടെ നേതൃത്വത്തിൽ നടന്ന മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.