'പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണെന്ന് ഓർക്കണം'; വായിൽ തോന്നിയത് വിളിച്ചുപറയരുതെന്ന് വി.ഡി.സതീശൻ
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിലാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നാണ് മറുപടി. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രി കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചു പറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധഃപതിക്കരുതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
"മാധ്യമങ്ങള്‍ ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്ക് തുള്ളല്‍ എന്നതു തന്നെയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ അവസ്ഥ. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ആരെയൊക്കെയാണ് നിങ്ങളുടെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ? അറസ്റ്റിലായ അഖില്‍ സജീവും ബാസിതും നിങ്ങളുടെ പാളയത്തില്‍ തന്നെയുള്ള ക്രിമിനലുകളല്ലേ?"- വി.ഡി.സതീശൻ ചോദിക്കുന്നു.
സി.ഐ.ടി.യു നല്‍കിയ പരാതിയില്‍ പോലും നടപടിയെടുക്കാതെ, പത്തനംതിട്ടയില്‍ നിന്നും മുങ്ങി കോഴിക്കോട് കേന്ദ്രീകരിച്ച് ഇത്രകാലവും തട്ടിപ്പ് നടത്താന്‍ അഖില്‍ സജീവിന് അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പും പൊലീസുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
"മന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന പേരില്‍ നിങ്ങള്‍ അറസ്റ്റ് ചെയ്ത അഖില്‍ സജീവും ബാസിതും നിങ്ങളുടെ കൂട്ടര്‍ തന്നെയാണ്. നിങ്ങള്‍ ചെല്ലും ചെലവും നല്‍കി തട്ടിപ്പുകാരാക്കി വളര്‍ത്തിയെടുത്തവര്‍. കിഫ്ബിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ നിങ്ങളുടെ സഖാവിന്റെ ഒക്കച്ചങ്ങായിമാരായി യുവമോര്‍ച്ചാക്കാരുമുണ്ടല്ലോ. അതേക്കുറിച്ചും അങ്ങ് ഒന്നും പറഞ്ഞു കേട്ടില്ല. എന്നിട്ടും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന അങ്ങയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നല്ല നമസ്‌ക്കാരം. ഉള്ളത് പറയുമ്പോള്‍ മറ്റെയാള്‍ക്കല്ല മുഖ്യമന്ത്രീ നിങ്ങള്‍ക്ക് തന്നെയാണ് തുള്ളല്‍" വി.ഡി.സതീശൻ പറഞ്ഞു.