പത്മജയെ ബി.ജെ.പിയിലെത്തിച്ചത് ഇപ്പോഴും പദവിയിലിരിക്കുന്ന റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് വി.ഡി സതീശൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 16 കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ന്യൂഡൽഹി: പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത് ഒരു റിട്ടയർഡ് ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അദ്ദേഹം ഇപ്പോഴും കേരളത്തിൽ ഒരു പദവിയിലിരിക്കുന്ന ആളാണ്. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ഇത് ചെയ്തതെന്നും സതീശൻ പറഞ്ഞു. കേരളത്തിൽ ഒരു കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സി.പി.എം ആണ്. ബി.ജെ.പി കേരളത്തിൽ പലയിടത്തും രണ്ടാമത് വരുമെന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് ഇടമൊരുക്കുന്ന പണിയാണ് സി.പി.എം ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള 16 കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. സ്ഥാനാർഥി പട്ടികയിൽ സർപ്രൈസ് ഉണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ.
വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കുമെന്നാണ് സൂചന. കണ്ണൂരിൽ കെ. സുധാകരനും ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കെ. മുരളീധരൻ തൃശൂരിലേക്ക് മാറും. വടകരയിൽ ടി. സിദ്ദീഖോ ഷാഫി പറമ്പിലോ മത്സരിക്കുമെന്നാണ് സൂചന. പത്മജ വേണുഗോപാൽ പാർട്ടി വിട്ടതിന്റെ തിരിച്ചടി മറികടക്കാനാണ് കെ. മുരളീധരനെ തൃശൂരിലിറക്കുന്നത്.